മാഡ്രിഡ്: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ സ്പാനിഷ് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും നേരെ ചെളിയെറിഞ്ഞ് രോഷാകുലരായ ജനങ്ങള്‍. നിങ്ങള്‍ കൊലപാതകികള്‍ എന്ന് ആക്രോശിച്ചാണ് ജനം ആക്രമിച്ചത്. സ്‌പെയിനില്‍ അഞ്ച് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ 200ലധികം പേര്‍ മരിച്ചിരുന്നു.
വലെന്‍സിയയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സ്പാനിഷ് രാജാവ് ഫിലിപ്പ്, രാജ്ഞി ലെറ്റിസിയ, പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവര്‍ക്ക് നേരെ ജനരോഷമിരമ്പിയത്. വെള്ളപ്പൊക്കത്തെ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയില്ലെന്നും ദുരന്തമുണ്ടായപ്പോള്‍ അടിയന്തര സേവനങ്ങള്‍ വൈകിയെന്നുമാണ് ജനങ്ങളുടെ പരാതി.
പ്രളയം ഏറ്റവുമധികം ബാധിച്ച പായ്പോര്‍ട്ട പട്ടണത്തിലെ തെരുവുകളിലൂടെ നടക്കുന്നതിനിടയിലായിരുന്നു പ്രദേശവാസികള്‍ അവര്‍ക്കെതിരെ തിരിഞ്ഞത്. ഈ പട്ടണത്തില്‍ മാത്രം 60-ലെറെ പേര്‍ മരണമടഞ്ഞിരുന്നു. ഫിലിപ്പ് ആറാമന്‍ രാജാവിന്റെയും ലെറ്റിസിയ രാജ്ഞിയുടെയും മുഖത്തും വസ്ത്രങ്ങളിലും ചെളിയും മുട്ടയും മറ്റും വന്നു പതിച്ചു. ഇരുവരെയും സംരക്ഷിക്കുന്നതിനിടെ അംഗരക്ഷകന് പരിക്കേറ്റു. ജനരോഷം കാരണം പ്രളയം കൂടുതല്‍ ബാധിച്ച നഗരത്തിലേക്ക് രാജാവിനും രാജ്ഞിക്കും പ്രധാനമന്ത്രിക്കും പ്രവേശിക്കാനായില്ല.
'ഞങ്ങളെ സഹായിക്കൂ. ഇപ്പോഴും കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞു നടക്കുകയാണ് നിരവധി പേര്‍. കൃത്യസമയത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ അവരെല്ലാം രക്ഷപ്പെടുമായിരുന്നു'- വലന്‍സിയ പ്രദേശത്ത് താമസിക്കുന്നവര്‍ പറയുന്നു. പൈപോര്‍ട്ട സന്ദര്‍ശനത്തിനിടെ രാജാവ് കരയുന്നവരെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. രാജ്ഞിയുടെ കണ്ണുകളും നിറഞ്ഞു.
ഒരു വര്‍ഷം പെയ്യേണ്ട മഴയാണ് സ്‌പെയിനില്‍ ഒരൊറ്റ ദിവസം കൊണ്ട് പെയ്തത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ലഭ്യമായ വിവരങ്ങള്‍ വെച്ച് കഴിയുന്നത്ര മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് വലെന്‍സിയ അധികൃതര്‍ പറഞ്ഞു. ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. പല വീടുകളിലും ഇപ്പോഴും വൈദ്യുതിയില്ല. ജനങ്ങളുടെ രോഷം മനസ്സിലാക്കുന്നുവെന്നും അതേറ്റു വാങ്ങുക എന്നത് തന്റെ രാഷ്ട്രീയപരവും ധാര്‍മികവുമായ ഉത്തരവാദിത്തമാണെന്നും പ്രാദേശിക നേതാവ് കാര്‍ലോസ് മാസോണ്‍ പ്രതികരിച്ചു.
പ്രളയ ജലത്തില്‍ വീടുകളും റോഡുകളും മുങ്ങിയ ശേഷമാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതെന്നാണ് പരാതി. പ്രളയത്തെക്കുറിച്ച് ധാരണയില്ലാതെ വാഹനങ്ങളില്‍ റോഡുകളില്‍ കുടുങ്ങിയവരാണ് മിന്നല്‍ പ്രളയത്തില്‍ മരിച്ചവരില്‍ ഏറെയുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെള്ളത്തിലൂടെ നിരവധി വാഹനങ്ങള്‍ ഒലിച്ചുപോകുന്ന ദൃശ്യം പുറത്തുവന്നു. സ്‌പെയിനിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ് രൂക്ഷമായ പ്രളയക്കെടുതി നേരിടുന്നത്. മെഡിറ്ററേനിയന്‍ തീരത്തെ വലെന്‍സിയ മേഖലയിലാണ് ഏറ്റവുമധികം ആളുകള്‍ മരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.