ബാഹ്യമായ ആചാരങ്ങളല്ല, ദൈവത്തിനും സഹോദരങ്ങൾക്കുമായി ഹൃദയം തുറന്നിടാനുള്ള സന്നദ്ധതയാണ് പ്രധാനം: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

ബാഹ്യമായ ആചാരങ്ങളല്ല, ദൈവത്തിനും സഹോദരങ്ങൾക്കുമായി ഹൃദയം തുറന്നിടാനുള്ള സന്നദ്ധതയാണ് പ്രധാനം: ഞായറാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: ബാഹ്യമായ ആചാരങ്ങൾക്കല്ല, പരസ്പരമുള്ള സ്നേഹത്തിനാണ് നാം കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് ഓർമ്മപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കാരണം, സ്നേഹമാണ് എല്ലാറ്റിന്റെയും ഉറവിടം - പാപ്പ പറഞ്ഞു. ഞായറാഴ്ച ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ച്, വിശുദ്ധ മർക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള വായനയെ (മർക്കോസ് 12: 28-34) ആസ്പദമാക്കി ധ്യാനചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു പാപ്പ. 'എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്'? ഒരു നിയമജ്ഞൻ യേശുവിനോട് ചോദിച്ച ഈ ചോദ്യവും അതിന് അവിടുന്ന് നൽകുന്ന മറുപടിയുമാണ് ഈ സുവിശേഷ ഭാഗത്തുള്ളത്.

നമ്മുടെ വിശ്വാസ ജീവിതത്തോട് അത്യധികം ബന്ധപ്പെട്ടിരിക്കുന്നതിനാൽ, ആ കാലഘട്ടത്തിലെന്നപോലെ, ഇന്നും ഈ ചോദ്യം പ്രസക്തമാണ് - പരിശുദ്ധ പിതാവ് പറഞ്ഞു. നമ്മുടെ ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കും ചെയ്തുതീർക്കേണ്ട ജോലികൾക്കുമിടയിൽ പലപ്പോഴും അമിതഭാരവും നഷ്ടബോധവും ഉണ്ടാകാനിടയുണ്ട്. 'സകല ആശ്വാസങ്ങളുടെയും ഉറവിടമായ കേന്ദ്രം നാം എവിടെയാണ് കണ്ടെത്തുന്നത്?' - മാർപാപ്പ ചോദിച്ചു.

യേശു ആ നിയമജ്ഞനോടു പറഞ്ഞതുപോലെ ദൈവസ്നേഹത്തിന്റെയും പര സ്നേഹത്തിൻ്റെയുമായ ആ രണ്ടു കൽപ്പനകൾ ചേർത്തുവയ്ക്കുമ്പോഴാണ് നാം അതിന് ഉത്തരം കണ്ടെത്തുക. ക്രിസ്തീയ ജീവിതത്തിന്റെ സംഗ്രഹമാണ് അത് - ഫ്രാൻസിസ് പാപ്പാ വിശേഷിപ്പിച്ചു.

ജീവന്റെയും വിശ്വാസത്തിന്റെയും ഹൃദയം

ജീവന്റെയും വിശ്വാസത്തിന്റെയും ഉറവിടമായ യേശുവിന്റെ ഹൃദയത്തിലേക്ക് മടങ്ങണമെന്ന് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ സന്നിഹിതരായിരുന്ന എല്ലാവരോടും പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്തു. കാരണം, നമ്മുടെ ശക്തിയുടെയും ബോധ്യങ്ങളുടെയും വികാരങ്ങളുടെയും തീരുമാനങ്ങളുടെയുമെല്ലാം ഉറവിടവും കേന്ദ്രവുമാണ് ആ തിരുഹൃദയം - മാർപാപ്പ പറഞ്ഞു.

ബാഹ്യമായ ആചാരങ്ങളല്ല മറിച്ച്, ദൈവത്തിനും സഹോദരങ്ങൾക്കുമായി ഹൃദയം തുറന്നിടാനുള്ള സന്നദ്ധതയാണ് പ്രധാനം. നാം നൽകിയ സ്നേഹത്തിൻ്റെയും, നൽകാതെ പിടിച്ചുവച്ച സ്നേഹത്തിന്റെയും കണക്കുകൾ ജീവിതാവസാനത്തിൽ ഓരോരുത്തരും കൊടുക്കേണ്ടി വരും - പാപ്പാ ഓർമ്മപ്പെടുത്തി.

നാം എപ്രകാരമാണ് ദൈവത്തെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കുന്നതെന്ന് ഓരോരുത്തരും എല്ലാദിവസവും ആത്മശോധന ചെയ്ത് കണ്ടെത്തണം. അവിടെ കൂടിയിരുന്ന ആയിരങ്ങൾക്ക് ഈ ദൗത്യം നൽകിക്കൊണ്ട് പരിശുദ്ധ പിതാവ് തന്റെ സന്ദേശം അവസാനിപ്പിച്ചു.

മാർപാപ്പയുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.