ഒട്ടാവ: കാനഡയിലെ ബ്രാംപ്ടണിലുള്ള ഹിന്ദുക്ഷേത്ര വളപ്പില്‍ നടന്ന അതിക്രമങ്ങളില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ കനേഡിയന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഹരീന്ദര്‍ സോഹിയെ സസ്പെന്‍ഡ് ചെയ്തു. അതിക്രമത്തിന്റെ വീഡിയോയില്‍ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് നടപടി. ഹരീന്ദര്‍ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നില്‍ക്കുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
അക്രമസംഭവങ്ങളില്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പീല്‍ റീജണല്‍ ഓഫീസറാണ് ഹരീന്ദര്‍ സോഹി. കമ്യൂണിറ്റി സേഫ്റ്റി ആന്‍ഡ് പൊലീസിങ് ആക്ട് അനുസരിച്ചാണ് ഇയാളെ സസ്പെന്‍ഡ് ചെയ്യുന്നതെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ കഴിയില്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അക്രമത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരുന്നു.
ഖലിസ്ഥാന്‍ പതാകയും വടിയുമായി അതിക്രമിച്ചുകയറിയ സംഘം ക്ഷേത്രപരിസരത്തുണ്ടായിരുന്നവരെ മര്‍ദിക്കുകയായിരുന്നു. ഹിന്ദു മഹാസഭയുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന കോണ്‍സുലര്‍ ക്യാമ്പിനു നേരെയായിരുന്നു ആക്രമണം. ആക്രമണത്തില്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ടെന്ന് ഹിന്ദു കനേഡിയന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. കാനഡയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഖലിസ്ഥാന്‍ ആക്രമണത്തെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അപലപിച്ചു. ഇത്തരം സംഭവങ്ങള്‍ അംഗീകരിക്കാനാവുന്നതല്ലെന്നും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങള്‍ പിന്തുടരാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രംഗത്തെത്തി. ഇത്തരം ആക്രമണങ്ങള്‍ ഇന്ത്യയുടെ ദൃഡനിശ്ചയത്തെ ദുര്‍ബലപ്പെടുത്തില്ല. കനേഡിയന്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ഭീരുത്വം നിറഞ്ഞതാണ്. ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യത്തെ പിന്നോട്ടടിക്കാനാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ട്രൂഡോയുടെ അടുത്ത അനുയായിയും സിഖ് എം.പിയുമായ ജഗ്മീര്‍ സിങ്ങും ആക്രമണത്തെ അപലപിച്ചു. ആക്രമണത്തില്‍ ആശങ്ക ഉണ്ടെന്ന് ട്രൂഡോ സര്‍ക്കാരിലെ കേന്ദ്ര മന്ത്രിയായ അനിത ആനന്ദ് പ്രതികരിച്ചു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാന്‍ അവകാശമുണ്ടെന്ന് അനിത ആനന്ദ് എക്സില്‍ കുറിച്ചു.
ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ ഇന്ത്യ-കാനഡ ബന്ധം വഷളായിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യ കാനഡയ്ക്കെതിരെ ഉന്നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.