ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങുന്നു; പ്രത്യേക ബെഞ്ച് ചേര്‍ന്ന് യാത്രയയപ്പ്

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങുന്നു; പ്രത്യേക ബെഞ്ച് ചേര്‍ന്ന് യാത്രയയപ്പ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ഇന്ന് പടിയിറങ്ങുന്നു. ജഡ്ജിമാരും അഭിഭാഷകരും ചേര്‍ന്ന് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നല്‍കും. അതിനായി ഉച്ചയ്ക്ക് രണ്ടിന് പ്രത്യേക ബെഞ്ച് ചേരും.

നവംബര്‍ 10 വരെയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് ഔദ്യോഗികമായി കാലാവധിയുള്ളത്. അടുത്ത ചീഫ് ജസ്റ്റിസായി മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നവംബര്‍ 11 മുതല്‍ 2025 മെയ് 13 വരെ സഞ്ജീവ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരാം.

ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ബിരുദം നേടിയ ഡി.വൈ ചന്ദ്രചൂഡ്, ഡല്‍ഹി സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റിയില്‍ നിന്നാണ് നിയമത്തില്‍ ബിരുദം നേടിയത്. അഭിഭാഷകനായി കരിയര്‍ ആരംഭിച്ച ചന്ദ്രചൂഡ്, 2000 മാര്‍ച്ച് 29 ന് ബോംബെ ഹൈക്കോടതി ജഡ്ജിയായി.

2013 ഒക്ടോബര്‍ 31 ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13 ന് സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്തപ്പെട്ടു. ചീഫ് ജസ്റ്റിസായിരുന്ന യു.യു ലളിത് വിരമിച്ചതിനെ തുടര്‍ന്ന് 2022 നവംബര്‍ ഒമ്പതിന് സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ചന്ദ്രചൂഡ് സ്ഥാനമേറ്റു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.