മണിപ്പൂരില്‍ യുവതിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ചുട്ടുകൊന്നു; പിന്നില്‍ മെയ്തി വിഭാഗമെന്ന് കുക്കികള്‍

 മണിപ്പൂരില്‍ യുവതിയെ വെടിവെച്ച് വീഴ്ത്തിയ ശേഷം ചുട്ടുകൊന്നു; പിന്നില്‍ മെയ്തി വിഭാഗമെന്ന് കുക്കികള്‍

ഇംഫാല്‍: മണിപ്പൂരില്‍ യുവതിയെ വെടിവെച്ച ശേഷം ചുട്ടുകൊന്ന് അജ്ഞാതരായ ആയുധധാരികള്‍. മണിപ്പൂരിലെ ജിരിബാം ജില്ലയിലാണ് ക്രൂരമായ സംഭവ അരങ്ങേറിയത്. കൊല്ലപ്പെട്ട യുവതി മൂന്ന് കുട്ടികളുടെ അമ്മയാണ്. ഇതുവരെ സംഘര്‍ഷം കെട്ടടങ്ങാത്ത മണിപ്പൂരില്‍ നിന്ന് ഒരിടവേളയ്ക്ക് ശേഷമാണ് മറ്റൊരു ആക്രമണത്തിന്റെ വാര്‍ത്ത പുറത്തുവരുന്നത്.

വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട സോസാങ്കിം ഒരു അധ്യാപികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മേഖലയില്‍ ഇന്നലെ രാത്രി എത്തിയ ആയുധധാരികള്‍ നിരവധി വീടുകള്‍ക്ക് തീവെക്കുകയും ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു.
കൊല്ലപ്പെട്ട യുവതി ഉള്‍പ്പെടുന്ന ഹ്മര്‍ വിഭാഗം സാധാരണയായി കുക്കികള്‍ക്ക് ഒപ്പം ചേര്‍ന്ന് നില്‍ക്കുന്നവരാണ്. ഇതിന് പിന്നാലെ സംഭവത്തില്‍ മെയ്തികളുടെ പങ്ക് വ്യക്തമാണെന്നാണ് കുക്കി വിഭാഗം ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഇവരുടെ സംഘടനയായ ഐടിഎല്‍എഫ് പ്രസ്താവന പുറത്തിറക്കി.

ജിരിബാം ജില്ലയിലെ സൈറവന്‍ മേഖലയിലെ തോക്ക് ധാരികളായ മെയ്തി വിഭാഗത്തില്‍പെട്ട ആളുകള്‍ കടന്നുവന്നുവെന്നും ആക്രമണം അഴിച്ചുവിട്ടുവെന്നുമാണ് അവര്‍ ആരോപിക്കുന്നത്. കൂടുതല്‍ ഗ്രാമീണര്‍ അടുത്തുള്ള കാടുകളിലേക്ക് രക്ഷപ്പെട്ടെങ്കിലും 31കാരിയായ യുവതിയെ അക്രമികള്‍ പിടികൂടിയ ശേഷം ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും തുടര്‍ന്ന് വെടിവച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു എന്നുമാണ് ആരോപണം.

അക്രമികള്‍ അപ്രതീക്ഷിതമായി വെടിയുതിര്‍ത്തതോടെ യുവതിയുടെ കാലിന് വെടിയേല്‍ക്കുകയായിരുന്നു എന്നാണ് അവരുടെ ഭര്‍ത്താവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആറോളം വീടുകളാണ് വ്യാഴാഴ്ച രാത്രിയില്‍ നടന്ന ആക്രമണത്തില്‍ കത്തി നശിച്ചതെന്നാണ് കുക്കി സംഘടന വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ ഇതുവരെയും മണിപ്പൂര്‍ പൊലീസ് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

അതേസമയം മണിപ്പൂരില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി സംഘര്‍ഷ സാഹചര്യം അതേപടി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ഇവിടെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.