പുതുച്ചേരിയില്‍ പുതിയ പ്രതിസന്ധി; ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി: രാജിയില്ലെന്ന് മുഖ്യമന്ത്രി

പുതുച്ചേരിയില്‍ പുതിയ പ്രതിസന്ധി;   ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദിയെ നീക്കി:  രാജിയില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രതിസന്ധിക്കിടെ പുതുച്ചേരിയില്‍ പുതിയ സംഭവ വികാസം. ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരണ്‍ ബേദിയെ രാഷ്ട്രപതി നീക്കി. തെലുങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജനാണ് താല്‍ക്കാലിക ചുമതല. ബിജെപി തമിഴ്‌നാട് ഘടകം മുന്‍ പ്രസിഡന്റാണ് തമിഴിസൈ.

നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്ന് പുതുച്ചേരിയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നും കിരണ്‍ ബേദിയെ മാറ്റിയിരിക്കുന്നത്. എംഎല്‍എമാരുടെ രാജി പ്രഖ്യാപനത്തോടെ ഭരണ പക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും അംഗസംഖ്യ 14 ആയി. പ്രശ്‌ന പരിഹാരത്തിന് രാഹുല്‍ ഗാന്ധി പുതുച്ചേരിയില്‍ എത്താനിരിക്കെയാണ് നിലവിലെ ഗവര്‍ണറെ മാറ്റിയിരിക്കുന്നത്.

രാജിവയ്ക്കില്ലെന്നും വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്നും മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. വോട്ടെടുപ്പില്‍ കേവലഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് വിശ്വാസവോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത് എന്നാണ് സൂചന. കാമരാജ് നഗര്‍ എംഎല്‍എ ജോണ്‍ കുമാര്‍ കൂടി രാജിവച്ചതോടെ നാരായണസ്വാമി സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 14 ആയി. കേവല ഭൂരിപക്ഷത്തിന് 17 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.

മല്ലാടി കൃഷ്ണറാവു, ഇ തീപ്പായ്ന്താന്‍, എ നമശിവായം എന്നിവരാണ് മുന്‍പ് നാരായണസ്വാമി സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്തി എംഎല്‍എ സ്ഥാനം രാജിവച്ചത്. രാജിവച്ച എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തില്‍ വന്ന അഭിപ്രായവ്യത്യാസമാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലെത്തിച്ചത്. നിലവില്‍ പത്ത് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ഡിഎംകെ എംഎല്‍എമാരും ഒരു സ്വതന്ത്ര എംഎല്‍എയുമാണുളളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.