വോട്ടെടുപ്പ് അവസാനിച്ചു: വയനാട്ടില്‍ പോളിങ് കുറഞ്ഞു; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

വോട്ടെടുപ്പ് അവസാനിച്ചു: വയനാട്ടില്‍ പോളിങ് കുറഞ്ഞു; വിജയ പ്രതീക്ഷയില്‍ മുന്നണികള്‍

കല്‍പ്പറ്റ: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും വോട്ടെടുപ്പ് സമയം അവസാനിച്ചു. ചേലക്കരയിലെ പല ബൂത്തുകളിലും ആറ് മണി കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായതോടെ ടോക്കണ്‍ നല്‍കുകയായിരുന്നു.

ചേലക്കരയില്‍ 72. 51 ശതമാനമാണ് പോളിങ്. എന്നാല്‍ വയനാട്ടില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് ശതമാനം കുറവാണ്. 64.27 ശതമാനമാണ് വയനാട്ടിലെ പോളിങ്. ചേലക്കരയിലെ പോളിങ് മൂന്ന് മുന്നണികള്‍ക്കും വിജയ പ്രതീക്ഷ നല്‍കുന്നു. വയനാട്ടിലെ പോളിങ് കുറവ് ആണെങ്കിലും വിജയത്തെ ബാധിക്കില്ലെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. വയനാട്ടില്‍ ഗ്രാമപ്രദേശങ്ങളില്‍ ബൂത്തുകളില്‍ രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും നഗര പ്രദേശങ്ങളിലെ തിരക്ക് കുറവായിരുന്നു. സ്ഥാനാര്‍ഥികളായ പ്രിയങ്ക ഗാന്ധി, സത്യന്‍ മൊകേരി, നവ്യ ഹരിദാസ് എന്നിവര്‍ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചു. ചേലക്കരയിലെ സ്ഥാനാര്‍ഥികളായ യു.ആര്‍ പ്രദീപ്, രമ്യ ഹരിദാസ്, കെ. ബാലകൃഷ്ണന്‍ എന്നിവരും ബൂത്തുകളില്‍ എത്തിയിരുന്നു.

അതേസമയം ജാര്‍ഖണ്ഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പില്‍ 59.28 ശതമാനമാണ് പോളിങ്. റാഞ്ചിയില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണി ഉള്‍പ്പെടെയുള്ളവര്‍ വോട്ട് രേഖപ്പെടുത്തി. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു. നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നൈഹാട്ടി മണ്ഡലത്തില്‍ ജഗത്ദാലിലുണ്ടായ വെടിവയ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അശോക് സാവു ആണ് കൊല്ലപ്പെട്ടത്. അസം (5 മണ്ഡലങ്ങള്‍), ബിഹാര്‍ (4), ഛത്തീസ്ഗഡ് (1), ഗുജറാത്ത് (1), കര്‍ണാടക (3), മധ്യപ്രദേശ് (2), മേഘാലയ (1), രാജസ്ഥാന്‍ (7), സിക്കിം (2), ബംഗാള്‍ (6) സംസ്ഥാനങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.