ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച അത്യാധുനിക പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറിന്റെ പരീക്ഷണം ഡിആര്‍ഡിഒ വിജയകരമായി പൂര്‍ത്തിയാക്കി. വിവിധ ഫീല്‍ഡ് ഫയറിങ് റേഞ്ചുകളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് പരീക്ഷണം നടത്തിയത്.
രണ്ട് ഇന്‍സര്‍വീസ് പിനാക ലോഞ്ചറുകളില്‍ ഓരോന്നില്‍ നിന്നും 12 റോക്കറ്റുകള്‍ പരീക്ഷിച്ചതായി ഡിആര്‍ഡിഒ പ്രസ്താവനയില്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളില്‍ നിന്ന് പിനാകയ്ക്കുള്ള ആവശ്യകത വര്‍ധിച്ച സാഹചര്യത്തിലാണ് ലോഞ്ചിങ് പരീക്ഷണം നടത്തിയത്.
ഒന്നിലധികം ലക്ഷ്യ സ്ഥാനങ്ങളിലേക്ക് തൊടുത്ത പിനാകയുടെ കൃത്യതയും സ്ഥിരതയും ഡിആര്‍ഡിഒ വിലയിരുത്തി. 'മെയ്ക്ക് ഇന്‍ ഇന്ത്യ' പദ്ധതിക്ക് കീഴിലുള്ള പ്രതിരോധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിനാകയുടെ പരീക്ഷണ വിജയം ആക്കം കൂട്ടും.
അമേരിക്കയുടെ ഹിമാര്‍സ് സംവിധാനത്തിന് തുല്യമായി കണക്കാക്കപ്പെടുന്ന പിനാക ഇന്ത്യയുടെ ആദ്യത്തെ പ്രധാന പ്രതിരോധ കയറ്റുമതിയില്‍ ഇടം പിടിച്ചു കഴിഞ്ഞു. സംഘര്‍ഷ ബാധിതമായ അര്‍മേനിയയാണ് പിനാക വാങ്ങാന്‍ ആദ്യ ഓര്‍ഡര്‍ നല്‍കിയത്.
ഇപ്പോള്‍ ഫ്രാന്‍സും പിനാകയ്ക്കായി അതീവ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. തങ്ങളുടെ സൈന്യത്തിന്റെ പീരങ്കി വിഭാഗത്തെ ശക്തിപ്പെടുത്തുകയാണ് പിനാകയുടെ സമ്പാദനത്തിലൂടെ ഫ്രാന്‍സ് ലക്ഷ്യമിടുന്നത്. വരുന്ന വാരം ഇതിന്റെ പരീക്ഷണം നടക്കുമെന്നും സൂചനയുണ്ട്.
റഷ്യന്‍ ഗ്രാഡ് ബിഎം 21 റോക്കറ്റ് ലോഞ്ചറിന് പകരമായാണ് പിനാക റോക്കറ്റ് സിസ്റ്റം ഇന്ത്യ വിന്യസിച്ചത്. 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലാണ് ഇത് ആദ്യമായി ഉപയോഗപ്പെടുത്തിയത്. യുദ്ധ സമയത്ത് തന്ത്രപ്രധാനമായ ഉയരങ്ങളിലുള്ള പാകിസ്ഥാന്‍ പൊസിഷനുകള്‍ തകര്‍ക്കുന്നതില്‍ പിനാക സംവിധാനം നിര്‍ണായക പങ്ക് വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.