ഇന്ത്യന്‍ നഗരങ്ങളില്‍ സംശയകരമായ സര്‍വേ; അമേരിക്കന്‍ കമ്പനിയ്‌ക്കെതിരെ കേന്ദ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി

ഇന്ത്യന്‍ നഗരങ്ങളില്‍ സംശയകരമായ സര്‍വേ; അമേരിക്കന്‍ കമ്പനിയ്‌ക്കെതിരെ കേന്ദ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി

കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി അമേരിക്കന്‍ കമ്പനി തിരുവനന്തപുരം ഉള്‍പ്പെടെ 54 ഇന്ത്യന്‍ നഗരങ്ങളില്‍ സംശയകരമായ സര്‍വേ നടത്തിയതില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.

'ഗ്രീന്‍ വേവ് 12' എന്ന പേരില്‍ ഇന്ത്യക്കുപുറമേ ഇന്‍ഡൊനീഷ്യ, തായലാന്‍ഡ്, മലേഷ്യ തുടങ്ങിയ 20 രാജ്യങ്ങളിലാണ് സര്‍വേ നടത്തിയത്.
2010 ല്‍ നടന്ന സര്‍വേയില്‍ കേരള പൊലീസിന്റെ അന്വേഷണം പര്യാപ്തമല്ലെന്ന് വിലിയിരുത്തിയാണ് ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. വാഷിങ്ടണ്‍ ഡി.സിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സ്റ്റണ്‍ സര്‍വേ റിസര്‍ച്ച് അസോസിയേറ്റ്സ് (പി.എസ്.ആര്‍.എ) എന്ന സ്ഥാപനത്തിനായി ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ടെയ്ലര്‍ നെല്‍സണ്‍ സോഫ്രെസ് (ടി.എന്‍.എസ്) ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയാണ് സര്‍വേ നടത്തിയത്.

2010 ഒക്ടോബര്‍ രണ്ടിന് തിരുവനന്തപുരം അട്ടക്കുളങ്ങര ഫ്രണ്ട്‌സ് നഗറില്‍ നടത്തിയ സര്‍വേ ക്രമസമാധന പ്രശ്‌നത്തിന് കാരണമായി. ചോദ്യങ്ങള്‍ ഒരു വിഭാഗം മതവിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തി ടി.എന്‍.എസ് കമ്പനിയുടെയും ഡയറക്ടര്‍ പ്രദീപ് സക്‌സേനയുടെയും പേരില്‍ ഫോര്‍ട്ട് പൊലീസ് കേസെടുത്തു. ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി) തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിന്റെ മതസൗഹാര്‍ദത്തെ അടക്കം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍വേ എന്നായിരുന്നു കണ്ടെത്തല്‍.

ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.എന്‍.എസും ഡയറക്ടറുമാണ് ഹര്‍ജി നല്‍കിയത്. വിഷയം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ കേസ് റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.

ഒരു വിദേശസ്ഥാപനത്തിന് സര്‍വേ നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. ഇവിടെ അത്തരമൊരു അനുമതിയില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനും നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.