പാലക്കാട് ആര്‍ക്കൊപ്പം? വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ നീണ്ടനിര

പാലക്കാട് ആര്‍ക്കൊപ്പം? വോട്ടെടുപ്പ് ആരംഭിച്ചു; ബൂത്തുകളില്‍ നീണ്ടനിര

പാലക്കാട്: വാശിയേറിയ പ്രചരണങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി മോക് പോളിങ് ഉണ്ടായിരുന്നു. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്ത് ഉള്ളത്. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്.

രാവിലെ മുതല്‍ ബൂത്തുകളില്‍ നീണ്ടനിരയാണ്. പാലക്കാട് നഗരസഭ, പിരായിരി, കണ്ണാടി, മാത്തൂര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലത്തിലെ 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിന് മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18,19 വയസുള്ളവരും 780 പേര്‍ ഭിന്നശേഷിക്കാരും നാല് പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം.

പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയുടെ നേതൃത്വത്തിലടക്കം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം 13 ന് നടത്താനിരുന്ന വോട്ടെടുപ്പ് കല്‍പ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നത്തേക്ക് മാറ്റിയത്. മൂന്നിടത്തേയും വോട്ടെണ്ണല്‍ 23 നാണ്.

ശുഭപ്രതീക്ഷയിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും. പാലക്കാട് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചത്. ഇന്ന് പൊതു ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഏറ്റവും പ്രധാനപ്പെട്ട ദിവസമാണെന്നും രാഹുല്‍ പറഞ്ഞു. വിജയപ്രതീക്ഷയിലാണ് പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറും. വികസനത്തിനായി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. ഇടതുപക്ഷത്തിന് അനുകൂലമായി പാലക്കാട്ടെ ജനം വോട്ട് ചെയ്യുമെന്ന് പി. സരിനും പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.