സംവരണത്തിലെ വിവേചനം നീതി രഹിതം: മാര്‍ തോമസ് തറയില്‍; മതത്തിന്റെ പേരിലുള്ള പീഡനം ഭരണഘടനയ്ക്ക് അപമാനം: മാര്‍ ക്ലിമീസ്

സംവരണത്തിലെ വിവേചനം നീതി രഹിതം: മാര്‍ തോമസ് തറയില്‍; മതത്തിന്റെ പേരിലുള്ള പീഡനം ഭരണഘടനയ്ക്ക്  അപമാനം: മാര്‍ ക്ലിമീസ്

പാലാ: സാമൂഹിക സാഹചര്യങ്ങള്‍ ഒരുപോലെ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സംവരണത്തിലെ വിവേചനം നീതി രഹിതവും മനുഷ്യത്വ രഹിതവുമാണെന്ന് ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. പാലാ രൂപതാ പ്ലാറ്റിനം ജൂബിലിയുടെയും ഡിസിഎംഎസിന്റെ സപ്തതിയുടെയും ഭാഗമായി നടത്തപ്പെട്ട ക്രൈസ്തവ മഹാസമ്മേളനം രാമപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മാര്‍ തറയില്‍.

വിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ ഒരു ജനസമൂഹം അവഗണിക്കപ്പെടുകയും മതത്തിന്റെ പേരില്‍ പ്രത്യേക നിയമങ്ങള്‍ ഒരേ സമുദായത്തില്‍ പെട്ടവര്‍ക്ക് ഉണ്ടാക്കുന്നത് ഒരു രാജ്യത്തിന് ഭൂഷണമല്ല. പൊതുസമൂഹത്തെ വളര്‍ത്തിയ ക്രൈസ്തവ സമൂഹം എല്ലാവരും മനുഷ്യരാണെന്നു പഠിപ്പിച്ചു. സമത്വത്തിന്റെ ബാലപാഠങ്ങള്‍ പൊതുസമൂഹത്തെ പഠിപ്പിച്ചത് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

പൊതു സമൂഹത്തെ വളര്‍ത്തിയ നമ്മള്‍ സ്വയം വളര്‍ന്നോ എന്നു ചിന്തിക്കേണ്ട സമയമാണിത്. നഷ്ടപ്പെടുന്ന അവകാശങ്ങളെയും നന്മകളെയും കുറിച്ച് അറിവില്ലെങ്കില്‍ അത് ആ സമൂഹത്തിന്റെ പരാജയത്തില്‍ അവസാനിക്കും. കൂട്ടത്തില്‍ അവസാനിക്കാതെ കൂട്ടായ്മയില്‍ വളരണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തില്‍ ദീപം തെളിയിച്ച് സീറോ മലങ്കരസഭ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്ക ബാവ സമ്മേളനത്തിന് ആരംഭം കുറിച്ചു. രാജ്യവും ഭരണഘടനയും പൗരന്മാര്‍ക്ക് നല്‍കുന്ന സുരക്ഷിത ബോധത്തില്‍ മുറിവുകള്‍ ഉണ്ടാക്കരുതെന്ന് കര്‍ദിനാള്‍ ക്ലിമീസ് പറഞ്ഞു.

മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്നത് ഭരണഘടനയ്ക്ക് തന്നെ അപമാനമാണ്. ദളിത് സമൂഹത്തിന്റെ പിന്നോക്കവസ്ഥ ഒരുപോലെ കാണണം. അതിനാല്‍ 'ദളിത് ഇന്ത്യന്‍' എന്ന പ്രയോഗമാണ് ഉണ്ടാക്കേണ്ടത്. ദളിത് ക്രൈസ്തവരോടൊപ്പം ഹൃദയം കൊണ്ട് കേരള സഭ ചേര്‍ന്നു നില്‍ക്കുന്നുവെന്നും അദേഹം പറഞ്ഞു.

ഡിസിഎംഎസ് പാലാ രൂപതയുടെ ഹൃദയ ഭാഗമാണെന്നും രൂപത അംഗങ്ങളില്‍ ആറില്‍ ഒരു ഭാഗം ദളിത് ക്രൈസ്തവരാണെന്നും പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ദളിത് കത്തോലിക്കര്‍ക്ക് വേണ്ടി രൂപത നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കി.

രൂപതയുടെ ചരിത്രത്തില്‍ വിമോചന സമരം, വിദ്യാഭ്യാസ സമരം, മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള മുന്നേറ്റങ്ങള്‍, പാരിസ്ഥിതിക, കാര്‍ഷിക പ്രശ്‌നങ്ങള്‍ എന്നിവയില്‍ ഉടനീളം ഇടപെട്ടുകൊണ്ടിരുന്നു. ഉറങ്ങാത്ത കാവല്‍ക്കാരനായി എല്ലാവരെയും കരങ്ങള്‍ക്കുള്ളില്‍ കാത്തു സംരക്ഷിച്ചു കൊണ്ടിരുന്നു.

ഇതുപോലെ തന്നെ ദളിത് ജന വിഭാഗത്തെയും സംരക്ഷിക്കുകയും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. അതിന്റെ ഭാഗമാണ് ഈ മഹാസമ്മേളനവും സിമ്പോസിയവും എന്ന് മാര്‍ കല്ലറങ്ങാട്ട്

രാവിലെ നടന്ന ദേശീയ സിമ്പോസിയത്തില്‍ ''വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ ദളിത് വിമോചനത്തിന് വഴികാട്ടി''എന്ന വിഷയം ചര്‍ച്ച ചെയ്തു. സമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. കെസിബിസിയുടെ എസ്.സി/എസ്.റ്റി/ബി.സി കമ്മീഷന്‍ ചെയര്‍മാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം നിര്‍വഹിച്ചു.

ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സിബിസിഐ എസ്.സി.ബി.സി കമ്മീഷന്‍ സെക്രട്ടറി വിജയകുമാര്‍ നായിക് പ്രസംഗിച്ചു. റവ.ഡോ.ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ഡോ.സിജോ ജേക്കബ്, ബിനോയി ജോണ്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഫാ.തോമസ് വെട്ടുകാട്ടില്‍ മോഡറേറ്റര്‍ ആയിരുന്നു.

ഉച്ചകഴിഞ്ഞ് നടന്ന ക്രൈസ്തവ മഹാസമ്മേളനത്തില്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹ പ്രഭാഷണം നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ജൂബിലി സന്ദേശം നല്‍കി. എം.പി മാരായ ജോസ് കെ. മാണി, ആന്റോ ആന്റണി, എം.എല്‍.എ മാരായ മോന്‍സ് ജോസഫ്, സെബാസ്‌റ്യന്‍ കുളത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് കണിയോടിക്കല്‍, ഡി.സി.എം.എസ് സംസ്ഥാന പ്രസിഡന്റ് ജെയിംസ് ഇലവുങ്കല്‍, ഡി.സി.എം.എസ്. രൂപത പ്രസിഡന്റ് ബിനോയ് ജോണ്‍, ബിന്ദു സെബാസ്റ്റ്യന്‍, രാജീവ് കൊച്ചുപറമ്പില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജോസ് വടക്കേക്കുറ്റ്, ബിന്ദു ആന്റണി എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.