പനാജി : വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യ വണക്കം ഇന്ന് ഓൾഡ് ഗോവയിലെ സേ കത്തീഡ്രലിൽ ആരംഭിച്ചു. 2025 ജനുവരി അഞ്ചിന് പരസ്യ വണക്കം സമാപിക്കും. രണ്ട് വർഷത്തെ ആത്മീയ ഒരുക്കങ്ങൾക്ക് ശേഷമാണ് പരസ്യ വണക്കം ആരംഭിച്ചത്. പാരമ്പര്യമായി പത്ത് വർഷത്തിൽ ഒരിക്കൽ മാത്രമാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യ വണക്കത്തിനായി വയ്ക്കുന്നത്.
ഇന്ന് രാവിലെ 9.30ന് ബോം ജീസസ് ബസിലിക്കയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ ജോസഫ് തോമസ് കുട്ടോ മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് തിരുശേഷിപ്പും വഹിച്ച് സേ കത്തീഡ്രലിലേക്ക് പ്രദക്ഷിണം നടന്നു.
നാളെ മുതൽ ജനുവരി നാല് വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറ് വരെ പരസ്യ വണക്കം ഉണ്ടായിരിക്കും. കുർബാനകൾ, പ്രാർത്ഥനാ ശുശ്രൂഷകൾ, ഘോഷയാത്രകൾ എന്നിവ ചടങ്ങുകളുടെ ഭാഗമായി ഉണ്ടാകും. വിശുദ്ധന്റെ ഭൗതിക ദേഹം വണങ്ങുന്നതിനായി ഇതിനോടകം തന്നെ ഗോവയിൽ നൂറുകണക്കിന് തീർഥാടകർ എത്തിയിട്ടുണ്ട്.
ലോകമെങ്ങും നിന്നുള്ള തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് ഗോവ സർക്കാർ സജ്ജമാക്കിയിട്ടുള്ളത്. തീർഥാടകരെ പനാജിയിൽ നിന്ന് റിബാൻഡർ വഴി ഓൾഡ് ഗോവയിലേക്ക് എത്തിക്കാൻ പ്രത്യേക ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
സൊസൈറ്റി ഓഫ് ജീസസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സ്പാനിഷ് ജെസ്യൂട്ട് മിഷനറി സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പ് 1624 മുതൽ പഴയ ഗോവയിലെ ബോം ജീസസിന്റെ ബസിലിക്കയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.