കാമുകനൊപ്പം കുടുംബത്തിലെ ഏഴ് പേരെ മഴുകൊണ്ട് വെട്ടിക്കൊന്നു: ഷബനം; സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിത

കാമുകനൊപ്പം കുടുംബത്തിലെ ഏഴ് പേരെ മഴുകൊണ്ട് വെട്ടിക്കൊന്നു:  ഷബനം; സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യ വനിത

മഥുര: സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇന്ത്യയില്‍ ആദ്യമായി ഒരു സ്ത്രീയുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നു. 2008 ഏപ്രില്‍ മാസത്തില്‍ രാജ്യത്തെ നടുക്കിയ അമ്രോഹ കൂട്ടക്കൊലക്കേസിലെ പ്രതിയായ ഷബനത്തിന്റെ വധശിക്ഷയാണ് നടപ്പാകുവാന്‍ പോകുന്നത്. ഉത്തര്‍ പ്രദേശിലെ മഥുരയിലെ ജയിലിലാണ് പ്രതിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

കാമുകനായ സലിമിനൊപ്പം സ്വന്തം കുടുംബത്തിലെ ഏഴ് പേരെയാണ് ഇവര്‍ മഴു ഉപയോഗിച്ച് കൊന്നത്. നിലവില്‍ ബറേലിയിലെ ജയിലിലാണ് ഷബ്‌നമുള്ളത്. സലിം ആഗ്ര ജയിലിലും. രണ്ട് വര്‍ഷവും മൂന്ന് മാസവും നീണ്ട വിചാരണക്കൊടുവിലാണ് വിധി വന്നത്. 2010 ജൂലൈ 15 ന് ജില്ലാ ജഡ്ജി എസ്എഎ ഹുസൈനി, ഷബ്നാമിനെയും സലീമിനെയും മരണം വരെ തൂക്കിക്കൊല്ലണമെന്ന് വിധിക്കുകയായിരുന്നു.

കീഴ്‌കോടതിയുടെ ഉത്തരവിനെതിരെ ഷബ്‌നം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി ശരിവച്ചു. പിന്നീട്, സലിമും ഷബനവും രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചെങ്കിലും തള്ളുകയായിരുന്നു. ഇതോടെ സ്വതന്ത്ര ഇന്ത്യയില്‍ തൂക്കിലേറ്റപ്പെടുന്ന ആദ്യത്തെ വനിതാ കുറ്റവാളിയാവുകയാണ് ഷബ്‌നം. ഉത്തര്‍ പ്രദേശില്‍ വനിതകളെ തൂക്കിലേറ്റുവാന്‍ സൗകര്യമുള്ള ഏക ജയിലാണ് മഥുരയിലെ ജയില്‍.

150 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവിടെ ഇത്തരത്തില്‍ ഒരു ജയില്‍ നിര്‍മിച്ചത്. എങ്കിലും ഒരു സ്ത്രീയെ പോലും ഇവിടെ തൂക്കിലേറ്റിയിട്ടില്ല. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ തൂക്കിക്കൊല്ലാന്‍ ഉപയോഗിക്കുന്ന കയര്‍ എത്തിക്കാന്‍ മഥുര ജയില്‍ ഭരണകൂടം ഇതിനകം ഉത്തരവിട്ടിട്ടുണ്ട്. ബിഹാറിലെ ബുക്സാറില്‍നിന്നാണ് തൂക്കുകയര്‍ എത്തിക്കുന്നത്. എന്നാല്‍ പ്രതിയെ തൂക്കിലേറ്റുന്നത് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നാണ് സീനിയര്‍ ജയില്‍ സൂപ്രണ്ട് ഷൈലേന്ദ്ര കുമാര്‍ ഒരു ദേശീയ പത്രത്തോട് പറഞ്ഞു.

2008 ഏപ്രില്‍ 14 - 15 തീയതികളില്‍ ഉത്തര്‍പ്രദേശിലെ ഹസന്‍പൂരിലെ അമ്രോഹയോട് ചേര്‍ന്ന് കിടക്കുന്ന ബാവന്‍ഖേഡി എന്ന ചെറിയ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സലീമുമായുള്ള പ്രണയത്തിന്റെ പാതയില്‍ കുടുംബം തടസമാകാതിരിക്കാനാണ് ഇരുവരും ചേര്‍ന്ന് കൂട്ടക്കുരുതി നടത്തിയത്. ഷബ്‌നാവും കാമുകന്‍ സലുമും ചേര്‍ന്ന് അച്ഛന്‍ മാസ്റ്റര്‍ ഷൗക്കത്ത്, അമ്മ ഹാഷ്മി, സഹോദരന്മാരായ അനീസ്, റാഷിദ്, സഹോദരിമാരായ അഞ്ജൂ, റാബിയ എന്നിവരെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരുമകന്‍ അര്‍ഷിനെ ഷബ്‌നം കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയത്.

നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയ ആരാച്ചാര്‍ പവന്‍ ജല്ലാദ് തന്നെയാണ് ഷബ്‌നത്തെയും തൂക്കിലേറ്റുക. ശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി അദ്ദേഹം മഥുരയിലെ ജയിലിലെത്തി പരിശോധന നടത്തിയിരുന്നു. ഇദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം കഴുമരത്തില്‍ ചില അറ്റകുറ്റപണികള്‍ നടത്തുകയും ചെയ്തിരുന്നു. മരണവാറന്റ് പുറപ്പെടുവിക്കുന്നതിന് പിന്നാലെ ശിക്ഷ നടപ്പാക്കുമെന്ന് ജയില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.