ജെറുസലേം : തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ അറസ്റ്റ് വാറണ്ടിനെ 1894 ല്‍ നടന്ന ഡ്രെയ്ഫസ് ട്രയലിനോട് നെതന്യാഹു ഉപമിച്ചു. എക്‌സില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് നെതന്യാഹു തനിക്കെതിരെയുള്ള നടപടിയില്‍ മറുപടി നല്‍കിയത്.
1894 ല്‍ ജര്‍മനിക്ക് സൈനിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് ആല്‍ഫ്രഡ് ഡ്രെയ്ഫസ് എന്ന ജൂത ഫ്രഞ്ച് ആര്‍മി ഉദ്യോഗസ്ഥനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടപടിയായിരുന്നു ഡ്രെയ്ഫസ് ട്രയല്‍. രാജ്യ ദ്രോഹക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഡ്രെയ്ഫസിനെ ഡെവിള്‍സ് ഐലന്റിലേയ്ക്ക് നാട് കടത്തുകയും ചെയ്തു. ഈ കേസ് യഹൂദ വിരുദ്ധതയുടെ പ്രതീകമായി മാറി. നെതന്യാഹുവിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ജഡ്ജിയും ഫ്രഞ്ച് പൗരനാണ് എന്നതാണ് ഈ സംഭവത്തെ ഓര്‍മിപ്പിക്കാന്‍ കാരണം.
അതേസമയം ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും എതിരെയുള്ള അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുകൾ അന്യായമാണെന്നും അംഗീകരിക്കാനാകുന്നതല്ലെന്നുമുള്ള വിമർശനവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. അന്താരാഷ്ട്ര ക്രിമിനൽ കോടതി എത്ര തന്നെ പറഞ്ഞാലും ഇസ്രയേലും ഹമാസും തമ്മിൽ യാതൊരു സാമ്യവുമില്ലെന്നും അവരെ താരതമ്യപ്പെടുത്താനാകില്ലെന്നും ബൈഡൻ പറഞ്ഞു.
ഇസ്രയേലിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകുന്ന ശക്തികൾക്കെതിരെ ഞങ്ങൾ ഇസ്രയേലിനൊപ്പം തന്നെ ഉറച്ച് നിൽക്കുമെന്നും ബൈഡൻ വ്യക്തമാക്കി. അറസ്റ്റിനുള്ള അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ നീക്കങ്ങളെ തളളിക്കളയുന്നതായി വൈറ്റ് ഹൗസ് ഇന്നലെ പ്രസ്താവന ഇറക്കിയിരുന്നു. വിഷയത്തിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ അന്താരാഷ്‌ട്ര ക്രിമിനൽ കോടതിക്ക് യാതൊരു അധികാരവുമില്ലെന്നും ഇത്തരം ഒരു തീരുമാനമെടുക്കുന്നതിലേക്ക് നയിച്ച പ്രക്രിയകളിൽ പിഴവുകൾ സംഭവിച്ചിട്ടുണ്ടെന്നും യുഎസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.