അദാനി, മണിപ്പൂര്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

അദാനി, മണിപ്പൂര്‍ വിഷയങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷ ബഹളം: പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡല്‍ഹി: അദാനിക്കെതിരായ കൈക്കൂലി വിഷയം, മണിപ്പൂര്‍ കലാപം എന്നിവ ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയും രാജ്യസഭയും ബുധനാഴ്ച വീണ്ടും ചേരും.

ചൊവ്വാഴ്ച ഭരണഘടനാ ദിനമായതിനാല്‍ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള പ്രത്യേക സമ്മേളനം നടക്കും. ചടങ്ങില്‍ പ്രസംഗിക്കുന്നവരുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് ഇല്ലാത്തതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. രാഹുലിനെ പ്രസംഗിക്കാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സഭാംഗങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നും അന്തരിച്ച സഭാംഗങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുമാണ് ഇരുസഭകളും ആരംഭിച്ചത്. എന്നാല്‍ ആദരാഞ്ജലി അര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്സഭയിലെ പ്രതിപക്ഷ അംഗങ്ങള്‍ അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങിയതോടെ സഭ 12 മണിവരെ നിര്‍ത്തി വയ്ക്കുകയുമായിരുന്നു.

പിന്നീട് സഭ വീണ്ടും ചേര്‍ന്നെങ്കിലും അദാനി, മണിപ്പൂര്‍ എന്നിവയ്ക്ക് പുറമേ യുപി സംഭാലിലെ സംഘര്‍ഷ വിഷയവും പ്രതിപക്ഷം ഉയര്‍ത്തി ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.