സ്മാര്‍ട് ഫോണുകള്‍ മുതല്‍ അന്തര്‍ വാഹിനികളെ വരെ ബാധിക്കും.
ഭൂമിയുടെ ഉത്തര കാന്തിക ധ്രുവത്തിന്റെ ചലന വേഗത കൂടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി ഉത്തര കാന്തിക ധ്രുവം സ്ഥാനം മാറുന്നതിന്റെ വേഗതയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നതായി ശാസ്ത്രജ്ഞര്‍ നേരത്തേ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
ചലന നിരക്ക് മുന്‍പ് മണിക്കൂറില്‍ 15 കിലോ മീറ്റര്‍ വേഗതയില്‍ ആയിരുന്നുവെങ്കില്‍ 1990നും 2005നും ഇടയില്‍ ഇത് മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ ആയി വര്‍ധിച്ചു. ഇതുമൂലം നാവിഗേഷന്‍ സംവിധാനം, ജി.പി.എസ്, ഭൂമിക്ക് പുറത്തു നിന്ന് വരുന്ന വികിരണങ്ങളില്‍ നിന്നുള്ള സംരക്ഷണം തുടങ്ങിയവയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഭൂമിശാസ്ത്രപരമായ ഉത്തര ധ്രുവത്തില്‍ നിന്നും വ്യത്യസ്ഥമായി ഉത്തര കാന്തിക ധ്രുവം മാറിക്കൊണ്ടിരിക്കും. ഈ ചലനത്തിന്റെ വേഗതയില്‍ ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന തുടരുകയാണെങ്കില്‍ 2040 ഓടെ വടക്കുനോക്കി യന്ത്രങ്ങളേയും നാവിഗേഷന്‍ ഉപകരണങ്ങളേയും ഇത് ബാധിച്ചേക്കാം. സാങ്കേതിക വിദ്യയിലും പരിസ്ഥിതിയിലും ഇത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഉത്തര ധ്രുവം കാനഡയില്‍ നിന്ന് സൈബീരിയയിലേക്ക് ഏകദേശം 2,250 കിലോ മീറ്ററാണ് നീങ്ങിയത്. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത ദശകത്തില്‍ ഭൂമിയുടെ ഉത്തര കാന്തിക ധ്രുവം 660 കിലോമീറ്റര്‍ കൂടി നീങ്ങും. സ്മാര്‍ട് ഫോണുകള്‍ മുതല്‍ അന്തര്‍ വാഹിനികള്‍ക്ക് വരെ ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ബ്രിട്ടീഷ് ജിയോളജിക്കല്‍ സര്‍വ്വേയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.
ഉത്തര കാന്തിക ധ്രുവം മാത്രമല്ല ദക്ഷിണ കാന്തിക ധ്രുവവും നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഗവേഷകര്‍ പറയുന്നു. ഓരോ മൂന്ന് ലക്ഷം വര്‍ഷങ്ങള്‍കൊണ്ട് ഇരുകാന്തിക ധ്രുവങ്ങളും സാവധാനം സ്ഥാനം മാറി വിപരീത ദിശയിലേക്ക് എത്തും. ഇത് സ്വാഭാവിക പ്രക്രിയയാണ്. 7,80,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇതിനുമുമ്പ് പൂര്‍ണമായ ധ്രുവമാറ്റം പൂര്‍ത്തിയായത്.
എന്നാല്‍ സാവധാനം നടക്കുന്ന പ്രക്രിയ ആയതിനാല്‍ ഇത് തിരിച്ചറിയപ്പെടാതെ പോവുകയാണ് ചെയ്യുക. പക്ഷേ, ഇപ്പോള്‍ ധ്രുവ മാറ്റത്തിന്റെ വേഗത കൂടിയത് സൂക്ഷ്മമായ നിരീക്ഷണത്തിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്.
ഭൂമിയുടെ കാന്തിക ധ്രുവങ്ങള്‍ക്കനുസരിച്ചാണ് ലോകത്തെ നാവിഗേഷന്‍ സംവിധാനങ്ങളുള്‍പ്പടെ പ്രവര്‍ത്തിക്കുന്നത്. ഭൂമിയുടെ ബാഹ്യ കാമ്പിലെ ദ്രാവക ലോഹങ്ങളുടെ ചലനമാണ് ഭൂമിയുടെ കാന്തിക ക്ഷേത്രം സൃഷ്ടിക്കുന്നത്. ഭൂകേന്ദ്രത്തിലെ ചൂടായ ഇരുമ്പ് ദ്രാവക രൂപത്തില്‍ ഒഴുകുമ്പോഴാണ് കാന്തിക ധ്രുവത്തിന് ചലനങ്ങള്‍ സംഭവിക്കുന്നത്.
ഹാനീകരമായ സൗര വികിരണങ്ങളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതില്‍ കാന്തിക ക്ഷേത്രം നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ഈ കാന്തിക കവചം ഇല്ലെങ്കില്‍ സൗര വാതകങ്ങള്‍ ഭൂമിക്ക് ദോഷകരമാകുകയും ഭൂമിയിലേക്ക് ഹാനികരമായ വികിരണങ്ങള്‍ എത്തുന്നത് വര്‍ധിക്കുകയും ചെയ്യുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.