സിഡ്‌നി: കുഞ്ഞു ജീവനുകളെ ഉദരത്തില്‍ വച്ചുതന്നെ ഇല്ലാതാക്കാനുള്ള അബോര്‍ഷന്‍ സൗകര്യം ഓസ്ട്രേലിയയിലെ എല്ലാ പബ്ലിക്ക് ആശുപത്രികളിലും ഒരുക്കിക്കൊടുക്കണമെന്ന ആശങ്കപ്പെടുത്തുന്ന ആവശ്യവുമായി ഗ്രീന്‍സ് പാര്‍ട്ടി. ഗര്‍ഭഛിദ്രത്തിന് ശ്രമിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും അത് താങ്ങാനാവുന്ന ചെലവില്‍ ലഭ്യമാക്കാനുള്ള പദ്ധതി അവതരിപ്പിച്ചുകൊണ്ടാണ് ഗ്രീന്‍സ് പാര്‍ട്ടി രംഗത്തു വന്നിരിക്കുന്നത്. ഇതിനായി ഫെഡറല്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 100 മില്യണ്‍ ഡോളര്‍ പൊതു ആശുപത്രികള്‍ക്ക് അനുവദിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗ്രീന്‍സ് പാര്‍ട്ടിയുടെ പുതിയ നയത്തിനെതിരേ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി (എ.സി.എല്‍) അടക്കമുള്ള ക്രൈസ്തവ സംഘടനകള്‍ വിമര്‍ശനം ശക്തമാക്കിയിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ പരമ്പരാഗത മൂല്യങ്ങളെ വെല്ലുവിളിച്ചും ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരെ വെല്ലുവിളിച്ചും ഗ്രീന്‍സ് സെനറ്റര്‍ ലാറിസ വാട്ടേഴ്സാണ് പുതിയ നയം പ്രഖ്യാപിച്ചത്.
നിലവില്‍ ഓസ്ട്രേലിയയില്‍ പല പൊതു ആശുപത്രികളും ഗര്‍ഭഛിദ്ര സേവനങ്ങള്‍ നല്‍കുന്നില്ല. അതു നടത്തുന്ന ആശുപത്രികളിലാകട്ടെ അബോര്‍ഷനുകളുടെ ചെലവ് 500 ഡോളര്‍ മുതല്‍ 8,500 ഡോളര്‍ വരെയാണ്. ഈ പണച്ചെലവ് കുറയ്ക്കാന്‍ എല്ലാ പൊതു ആശുപത്രികളും ഗര്‍ഭഛിദ്ര സേവനങ്ങള്‍ അനുവദിക്കണമെന്നാണ് ഗ്രീന്‍സ് പാര്‍ട്ടിയുടെ നിലപാട്. ഗ്രാമീണ മേഖലകളിലും ഗര്‍ഭഛിദ്ര സേവനങ്ങള്‍ വ്യാപകമാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെടുന്നു.
സമാന ചിന്താഗതിയുള്ളവരെ കൂട്ടുപിടിച്ച് ആല്‍ബനീസി സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനാണ് ഗ്രീന്‍സ് പാര്‍ട്ടിയുടെ നീക്കം.
ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്ന നികുതിദായകരുടെ വരുമാനത്തില്‍ നിന്നുള്ള പണം ഇതിനായി വിനിയോഗിക്കുന്നതില്‍ മതവിശ്വാസികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്.
'ഓസ്ട്രേലിയയില്‍ ഇതിനകം കടുത്ത ഗര്‍ഭഛിദ്ര നിയമങ്ങള്‍ നിലവിലുണ്ട്. രാജ്യത്തുടനീളം ഏത് ഗര്‍ഭാവസ്ഥയിലും ഏത് കാരണത്താലും ഗര്‍ഭഛിദ്രം സാധ്യമാണ്. 35 ആഴ്ചയോ അതിനു ശേഷമോ വളര്‍ച്ചയുള്ള, പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പോലും ഓസ്ട്രേലിയയില്‍ മാനസിക സാമൂഹിക കാരണങ്ങളാല്‍ ഇല്ലാതാക്കാം. ഈ രാജ്യത്തെ ഗര്‍ഭഛിദ്ര സേവനങ്ങള്‍ അപര്യാപ്തമാണെന്ന് അവകാശപ്പെടാന്‍ ഗ്രീന്‍സ് പാര്‍ട്ടിക്ക് യാതൊരു കാരണവുമില്ല. എന്നിട്ടും
ഗര്‍ഭഛിദ്ര സേവനങ്ങള്‍ വിപുലീകരിക്കാനുള്ള അവരുടെ ഈ നീക്കത്തില്‍ തന്നെ അവരുടെ പ്രതിബദ്ധത എന്തിനോടാണെന്നു വ്യക്തമാണ് - ഓസ്ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബിയുടെ സിഇഒ മിഷേല്‍ പിയേഴ്സ് പറഞ്ഞു.
ഗര്‍ഭഛിദ്രത്തിനു ശേഷം ജീവനോടെ ജനിച്ച കുഞ്ഞുങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നതാണ്. സമീപ വര്‍ഷങ്ങളില്‍ ഓരോ സംസ്ഥാനവും ഗര്‍ഭഛിദ്രത്തിന്റെ പരിധി 21 ആഴ്ചയില്‍ നിന്ന് 40 ആഴ്ചയായി ഉയര്‍ത്തിയിരുന്നു. അതിനാല്‍ തന്നെ വര്‍ഷം തോറും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജീവനോടെ ജനിക്കുന്നു. അങ്ങനെ ജീവനോടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ ഗ്രീന്‍സ് പാര്‍ട്ടി എതിര്‍ക്കുന്നു. അതിനു പകരം ഗര്‍ഭഛിദ്ര സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നു.
'ഗ്രീന്‍സിന്റെ നയങ്ങള്‍ തള്ളിക്കളയാനും അബോര്‍ഷന് ശ്രമിക്കുന്ന ഗര്‍ഭിണികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും എ.സി.എല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.