ലോക സർവമത സമ്മേളനത്തിന് വത്തിക്കാനിൽ തുടക്കമായി ; ഫ്രാൻസിസ് മാർപാപ്പ ഇന്ന് സമ്മേളനം ആശീർവദിക്കും

ലോക സർവമത സമ്മേളനത്തിന് വത്തിക്കാനിൽ തുടക്കമായി ; ഫ്രാൻസിസ് മാർപാപ്പ ഇന്ന് സമ്മേളനം ആശീർവദിക്കും

വത്തിക്കാൻ സിറ്റി : ശിവ​ഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം ‌ഉച്ചയ്‌ക്ക് 1.30 നാണ് മാർപാപ്പയുടെ അഭിസംബോധന. ശ്രീനാരായണ ഗുരു ആലുവ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായാണ് വത്തിക്കാനിൽ സമ്മേളനം നടത്തുന്നത്. വത്തിക്കാൻ സ്ക്വയറിൽ ഉച്ചയ്ക്ക് 2.30ന് ചേരുന്ന സർവമത സമ്മേളനത്തിലെ പ്രത്യേക സെഷനുകൾ കർദിനാൾ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും.

ഗുരു രചിച്ച ‘ദൈവദശകം’ പ്രാർത്ഥന​ഗീതം സമ്മേളനത്തിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ഭാഷയിൽ മൊഴിമാറ്റം ചെയ്ത് ആലപിക്കും. കൊച്ചി വൈപ്പിൻ ഇളങ്കുന്നപ്പുഴ സ്വദേശി സിസ്റ്റർ ആശ ജോർജാണ് ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴി മാറ്റിയത്. സുഹൃത്തും സൈക്യാട്രിസ്റ്റുമായ ഇറ്റലിയിലെ ഡോ. അർക്കിമേദെ റുജേറോയുടെ സഹായത്തോടയാണ് സിസ്റ്റർ ആശ മൊഴിമാറ്റം യാഥാർത്ഥ്യമാക്കിയത്. ദൈവദശകം 100 ലോക ഭാഷകളിൽ മൊഴി മാറ്റി പ്രചരിപ്പിക്കുന്ന ‘ദൈവദശകം വിശ്വവിശാലതയിലേക്ക്’ പദ്ധതിയുടെ ഭാ​ഗമായി 2017-ലാണ് ഇറ്റാലിയൻ ഭാഷയിലേക്ക് മൊഴി മാറ്റം ചെയ്തത്.

ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയാകും സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ. അദേഹം തയ്യാറാക്കിയ ‘സർവമത സമ്മേളനം’ എന്ന കൃതിയുടെ ഇറ്റാലിയൻ പരിഭാഷയും ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും.

ഇന്നത്തെ പ്രധാന സെഷനുകളിൽ ആർച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട്, കർണാടക സ്പീക്കർ യുടി ഖാദർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ചാണ്ടി ഉമ്മൻ എംഎൽഎ, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവർ പ്രസംഗിക്കും.

ഇന്നലെയാണ് സർവമത സമ്മേളനത്തിന് തുടക്കമായത്. നാളെ ഇറ്റലിയിലെ ജനപ്രതിനിധികളും സമ്മേളന പ്രതിനിധികളും ഒത്തുചേരുന്ന മതപാർലമെന്റ് നടക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.