വത്തിക്കാൻ സിറ്റി: സിനഡാലിറ്റിയെക്കുറിച്ചുള്ള മെത്രാന്മാരുടെ സിനഡിൻ്റെ അന്തിമ രേഖയോടൊപ്പം ഫ്രാൻസിസ് മാർപാപ്പയുടെ ഒരു വിശദീകരണ കുറിപ്പും പ്രസിദ്ധീകരിക്കുന്നു. ഈ സിനഡനന്തര രേഖ സഭയെ ഭരമേൽപ്പിക്കുന്നതായും അതിലുള്ള എല്ലാ നിർദ്ദേശങ്ങളും ക്രിയാത്മകമായി നടപ്പിലാക്കണമെന്നും സിനഡിൻ്റെ മുഖ്യ പ്രമേയങ്ങളായ കൂട്ടായ്മ, പങ്കാളിത്തം, മിഷൻ എന്നിവയിൽ പുതിയ പ്രതിബദ്ധത ആവശ്യമാണെന്നും പ്രസ്തുത കുറിപ്പിലൂടെ മാർപാപ്പ ആഹ്വാനം ചെയ്യുന്നു.
2021 ഒക്ടോബറിലായിരുന്നു സിനഡാലിറ്റിയെക്കുറിച്ചുള്ള മെത്രാൻമാരുടെ സിനഡിൻ്റെ പ്രഖ്യാപനം പരിശുദ്ധ പിതാവ് നടത്തിയത്. ലോക വ്യാപകമായി വിവിധ പ്രദേശങ്ങളിലും ഘട്ടങ്ങളിലുമായി സിനഡിന് ഒരുക്കമായുള്ള സമ്മേളനങ്ങൾ നടന്നു. തുടർന്ന്, വത്തിക്കാനിൽ നടത്തപ്പെട്ടതും രണ്ടുവർഷം നീണ്ടുനിന്നതുമായ സിനഡിൻ്റെ ജനറൽ അസംബ്ലിയുടെ സമ്മേളനങ്ങൾ 2024 ഒക്ടോബറിൽ പൂർത്തിയായി. അതോടനുബന്ധിച്ചാണ് സിനഡ് തീരുമാനങ്ങളുടെ അന്തിമ രേഖ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നത്.
ആത്മാവിനാൽ നയിക്കപ്പെടുന്ന സഭ
സിനഡിന്റെ പ്രാരംഭം മുതലുള്ള പാതയിൽ പരിശുദ്ധാത്മാവിന്റെ സ്വരത്തോടുള്ള തുറവി അതിൻ്റെ ഒരു സവിശേഷ സ്വഭാവമായിരുന്നു എന്ന് മാർപാപ്പ ചൂണ്ടിക്കാട്ടുന്നു. വ്യത്യസ്ത ഭൂഖണ്ഡങ്ങളിലും ഭാഷകളിലും സംസ്കാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സഭയെ പരിശുദ്ധാത്മാവ് വഴി നടത്തി. ഒരുമിച്ചുള്ള ഈ യാത്രയിൽ സ്വന്തം അനുഭവങ്ങളിൽ നിന്ന് പഠിക്കാനും കൂട്ടായ്മയിൽ ജീവിച്ചുകൊണ്ട് പങ്കാളിത്തത്തിൻ്റെ പ്രാധാന്യം തിരിച്ചറിയാനും ക്രിസ്തു ഭരമേല്പിച്ചിരിക്കുന്ന ദൗത്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും സഭയ്ക്ക് സാധിച്ചുവെന്ന് മാർപാപ്പ പറയുന്നു.
പ്രാദേശിക തലങ്ങളിൽ ആരംഭിച്ച് ദേശീയ, ഭൂഖണ്ഡ ഘട്ടങ്ങളിലൂടെ മുന്നേറിയ സിനഡിൻ്റെ യാത്രയെക്കുറിച്ച് പാപ്പ കുറിപ്പിൽ വിശദീകരിച്ചിട്ടുണ്ട്. സിനഡ് അസംബ്ലി സമാപിച്ചിരിക്കുന്നതിനാൽ അതിന്റെ അന്തിമ രേഖയും അതിലുള്ള നിർദ്ദേശങ്ങളും പ്രാദേശിക സഭാകൂട്ടായ്മകളെ തിരികെയേൽപ്പിക്കുന്നതായി മാർപാപ്പ പറയുന്നു. അവ വിവേചനബുദ്ധിയോടും ക്രിയാത്മകതയോടും പ്രാദേശിക സാഹചര്യങ്ങളോടുള്ള ആദരവോടുംകൂടി നടപ്പിൽ വരുത്തണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെടുന്നു.
സിനഡാലിറ്റിയും സഭയുടെ മുന്നോട്ടുള്ള പ്രയാണവും
പത്രോസിന്റെ പിൻഗാമി എന്ന നിലയിലുള്ള പ്രബോധനാധികാരത്തിന്റെ ഭാഗമായുള്ളതാണ് ഈ രേഖ. അതിനാൽ, അതിന്റെ പ്രാമാണിക സ്വഭാവം ആദരിക്കപ്പെടേണ്ടതാണെന്ന കാര്യവും മാർപാപ്പ വിശദീകരിക്കുന്നുണ്ട്. കർശനമായ മാനദണ്ഡങ്ങളല്ല മറിച്ച്, വിവിധ സന്ദർഭങ്ങളിൽ പ്രയോഗിക്കേണ്ട വ്യത്യസ്തങ്ങളായ നിർദ്ദേശങ്ങളാണ് അതിലുള്ളതെന്ന് മാർപാപ്പ വ്യക്തമാക്കുന്നു.
മെത്രാന്മാരുടെ പതിനാറാമത് സിനഡിൻ്റെ ജനറൽ അസംബ്ലി സമാപിച്ചുവെങ്കിലും സിനഡ് പ്രക്രിയ ഇതോടെ അവസാനിക്കുന്നില്ലെന്ന കാര്യം പാപ്പ ആവർത്തിക്കുന്നു. പകരം, നടപ്പാക്കൽ ഘട്ടം ഇവിടെ ആരംഭിക്കുകയാണ്. എല്ലാ പ്രാദേശിക സഭാകൂട്ടായ്മകളും അവരവരുടെ വ്യത്യസ്ത സാഹചര്യങ്ങളിൽ കാനൻ നിയമം അനുശാസിക്കുന്ന പ്രകാരം വിവേചനാബുദ്ധിയോടെ തീരുമാനങ്ങൾ എടുത്ത്, അവ നടപ്പിൽ വരുത്താനുള്ള പ്രക്രിയകൾ ആവിഷ്കരിക്കുന്നതിനുള്ള ക്ഷണമാണ് ഈ രേഖയെന്ന് മാർപാപ്പ ഓർമപ്പെടുത്തുന്നു.
ഉത്തരവാദിത്തങ്ങളും പിന്തുണയും
സിനഡിന്റെ ദർശനങ്ങളെ ഫലപ്രദമായ വിധത്തിൽ നടപ്പിൽ വരുത്തുന്നതിന് പ്രാദേശിക സഭകളെ സഹായിക്കാനുള്ള ഉത്തരവാദിത്വം സിനഡിന്റെ ജനറൽ സെക്രട്ടറിയേറ്റിനെയും റോമൻ കൂരിയയിലെ വിവിധ ഡികാസ്റ്ററികളെയുമാണ് ഏൽപ്പിച്ചിരിക്കുന്നത്. ഈ പ്രമാണരേഖയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങൾ പ്രാദേശിക തലങ്ങളിൽ എടുത്ത് അവ നടപ്പിൽ വരുത്തുന്നതിനും കൈവരിച്ച നേട്ടങ്ങളെയും നേരിട്ട ബുദ്ധിമുട്ടുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ 'ആദ് ലിമിന' സന്ദർശന വേളയിൽ സമർപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വം മെത്രാന്മാരിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്ന് മാർപാപ്പ തുടർന്നുപറയുന്നു.
ധൈര്യത്തോടും ക്രിയാത്മകതയോടും വിനയത്തോടും കൂടെ ഈ ഘട്ടത്തെ സമീപിക്കാൻ പരിശുദ്ധ പിതാവ് മെത്രാൻമാർക്ക് പ്രോത്സാഹനം നൽകുന്നു. ആഗോള സഭയിലുടനീളം അഭിപ്രായ സമന്വയം ആവശ്യമുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സമയമെടുക്കുമെന്ന കാര്യവും മാർപാപ്പ അംഗീകരിക്കുന്നുണ്ട്.
നവീകരിക്കപ്പെട്ട ഒരു സഭ
വാക്കുകൾ പങ്കുവയ്ക്കുന്നതുപോലെ തന്നെ പ്രവർത്തികളും നമ്മുടെ ഈ ഒന്നിച്ചുള്ള യാത്രയ്ക്ക് ആവശ്യമാണെന്ന് മാർപാപ്പ വിശ്വാസികളെ ഓർമ്മപ്പെടുത്തുന്നു. സഭയുടെ ഐക്യം പരിശുദ്ധാത്മാവാണ്. അതിനാൽ ക്രിസ്തുവിലുള്ള പൂർണ്ണത പ്രാപിക്കുന്നതുവരെ പരിശുദ്ധാത്മാവ് സഭയെ നവീകരിക്കുകയും നയിക്കുകയും ചെയ്യുമെന്ന പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് വിശദീകരണ കുറിപ്പ് അവസാനിപ്പിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.