വത്തിക്കാൻ സിറ്റി: ഒന്നാം നിഖ്യാ സൂനഹദോസിന്റെ 1700-ാം വാർഷികത്തോടനുബന്ധിച്ച് അടുത്ത വർഷം തുർക്കി സന്ദർശിക്കാൻ ഫ്രാൻസിസ് മാർപാപ്പ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പ്ലീനറി സെഷനിൽ പങ്കെടുക്കുന്ന അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷനിലെ അംഗങ്ങൾക്കൊപ്പം വത്തിക്കാനിൽ നടന്ന ചർച്ചക്കിടെയാണ് തുർക്കിയിലേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നതായി പാപ്പ വെളിപ്പെടുത്തിയത്.
ക്രൈസ്തവ സഭാ ചരിത്രത്തിലെ ആദ്യ എക്യുമെനിക്കൽ സമ്മേളനമായ നിഖ്യാ സൂനഹദോസ് എഡി 325ലാണ് നടന്നത്. നിഖ്യ പ്രദേശം ഇപ്പോൾ ഇസ്നിക് എന്നാണ് അറിയപ്പെടുന്നത്. ഇസ്താംബൂളിൽ നിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കാണിത്. തുർക്കി സന്ദർശിച്ച് എക്യുമെനിക്കൽ പാത്രിയർക്കീസ് ബെർത്തലോമിയോയെ കാണാനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ ജൂണിലും പ്രകടിപ്പിച്ചിരുന്നു.
നിഖ്യായിലെ നിലവിലെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു രേഖ തയ്യാറാക്കുന്നത് പ്രധാനമാണെന്ന് മാർപാപ്പ അഭിപ്രായപ്പെട്ടു. ജൂബിലി വർഷത്തിൽ വിശ്വാസികളുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുന്നതിനും പുതിയ സാംസ്കാരികവും സാമൂഹികവുമായ മാതൃകയ്ക്ക് തുടക്കമിടുന്നതിനും ഇത്തരമൊരു രേഖ വിലപ്പെട്ടതായേക്കാമെന്ന് പാപ്പ പറഞ്ഞു.
ചരിത്രത്തിലെ ആദ്യത്തെ എക്യുമെനിക്കൽ കൗൺസിൽ 325 മെയ് 20 മുതൽ ജൂലൈ 25 വരെ നിഖ്യായിൽ നടന്നു. ക്രിസ്ത്യാനികളുള്ള എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള ബിഷപ്പുമാർ ആ കൗൺസിലിൽ പങ്കെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.