മീറ്റര്‍ റീഡിങിനൊപ്പം ബില്ലടയ്ക്കല്‍ വന്‍വിജയം; പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് കെഎസ്ഇബി

മീറ്റര്‍ റീഡിങിനൊപ്പം ബില്ലടയ്ക്കല്‍ വന്‍വിജയം; പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പിലാക്കുമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: മീറ്റര്‍ റീഡിങ് ചെയ്യുന്നതിനൊപ്പം സ്‌പോട്ടില്‍ തന്നെ ബില്ലടയ്ക്കാനുള്ള പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി കെഎസ്ഇബി. റീഡിങ് എടുത്തതിന് തൊട്ടുപിന്നാലെ ബില്‍ തുക ഓണ്‍ലൈനായി അടയ്ക്കാന്‍ സൗകര്യമൊരുക്കുന്നതാണ് പദ്ധതി. സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

പരീക്ഷണാ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയത് വന്‍ വിജയകരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. റീഡിങ് എടുക്കുന്ന പിഡിഎ മെഷീനിലൂടെ ഉപയോക്താക്കള്‍ക്ക് ബില്‍ തുക അടയ്ക്കാന്‍ സാധിക്കുന്ന പദ്ധതിയാണിത്. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് മുഖേനയോ, ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, പേറ്റിഎം തുടങ്ങിയ ഭാരത് ബില്‍ പേ ആപ്ലിക്കേഷനുകളിലൂടെയോ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്‌തോ ബില്‍ തുക അടയ്ക്കാന്‍ കഴിയും.

കെഎസ്ഇബി ഓഫീസിലെത്തി ക്യൂ നിന്ന് പണമടയ്ക്കാന്‍ കഴിയാത്തവര്‍ക്കും ഓണ്‍ലൈന്‍ പണമിടപാട് നടത്താന്‍ സാങ്കേതിക പ്രയാസങ്ങള്‍ നേരിടുന്നവര്‍ക്കും പുതിയ പദ്ധതി ഗുണകരമാണ്. സ്‌പോട്ടില്‍ ബില്ലടയ്ക്കുന്നതിനാല്‍ പേയ്‌മെന്റ് നീട്ടിവച്ച് അടയ്ക്കാന്‍ മറന്നുപോകുന്ന സാഹചര്യവും ഒഴിവാക്കാം. കാനറാ ബാങ്കിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പോട്ട് ബില്‍ പേയ്മെന്റ് സേവനത്തിന് സര്‍വീസ് ചാര്‍ജോ, അധിക തുകയോ നല്‍കേണ്ടതില്ല.

തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം, ഉള്ളൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ നവംബര്‍ 15 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വിജയകരമായി നടപ്പിലാക്കാന്‍ കഴിഞ്ഞെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.