ഫെയ്ഞ്ചല്‍: തമിഴ്നാട്ടില്‍ അതീവ ജാഗ്രത; ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു; കേരളത്തില്‍ തീവ്ര മഴ മുന്നറിയിപ്പ്

ഫെയ്ഞ്ചല്‍: തമിഴ്നാട്ടില്‍ അതീവ ജാഗ്രത; ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു; കേരളത്തില്‍ തീവ്ര മഴ മുന്നറിയിപ്പ്

ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ഭീതിയില്‍ അടച്ചിട്ട ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഇന്ന് പുലര്‍ച്ചെ ഒന്നോടെ പുനരാരംഭിച്ചു. വിമാനത്താവളം ഞായറാഴ്ച പുലര്‍ച്ചെ നാല് വരെ അടച്ചിടുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തമിഴ്‌നാട് തീരം കടന്ന ചുഴലിക്കാറ്റ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടോടെ കരയില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഫെയ്ഞ്ചലിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ അടുത്ത 48 മണിക്കൂറില്‍ (പുലര്‍ച്ചെ മൂന്നിന് പുറപ്പെടുവിച്ചത്) കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്തിട്ടുണ്ട്. അതേസമയം തമിഴ്നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളുടെ വിവിധ ഭാഗങ്ങളില്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഉയര്‍ന്ന വേലിയേറ്റവും കനത്ത മഴയും ഉള്‍പ്പെടെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഈ പ്രദേശത്ത് അനുഭവപ്പെടുമെന്നാണ് പ്രവചനം.

ചുഴലിക്കാറ്റിന്റെ മുന്നോടിയായി ചൈന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കൂടലൂര്‍ ജില്ലകളില്‍ ശക്തമായ മഴയാണ്. ചെന്നൈയില്‍ പല റോഡുകളും വെള്ളത്തില്‍ മുങ്ങി. ഇതില്‍ത്തന്നെ റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പലൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, തിരുവാരൂര്‍, മയിലാടുതുറെ, നാഗപട്ടണം എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴ മുന്നറിയിപ്പുമുണ്ട്. മണ്ണിടിച്ചലിന് അടക്കമുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു.

അതേസമയം ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
ഞായറാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. തിങ്കളാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

ചൊവ്വാഴ്ച മലപ്പുറം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.