ഷിന്‍ഡെയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ബിജെപി; മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ

ഷിന്‍ഡെയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ ബിജെപി; മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ

മുംബൈ: ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്ന് ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്‍ഡെ സമ്മര്‍ദ്ദതന്ത്രം തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച ബിജെപി നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആസാദ് മൈതാനത്ത് വൈകുന്നേരം അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാന്നിധ്യത്തിലാണ് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുക.

മുഖ്യമന്ത്രി കാര്യത്തിലും വകുപ്പ് വിഭജനത്തിലടക്കം വലിയ വിട്ടുവീഴ്ചയ്ക്ക് ബിജെപി ഇപ്പോഴും തയ്യാറായിട്ടില്ല. മുന്‍ മുഖ്യമന്ത്രിയും മഹാരാഷ്ട്രയിലെ ബിജെപിയുടെ പ്രമുഖനുമായ ദേവേന്ദ്ര ഫഡ്നാവിസാണ് മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യത.

ഫലം വന്ന് 10 ദിവസമായിട്ടും സത്യപ്രതിജ്ഞാ പ്രഖ്യാപനം നീണ്ടു പോകുന്നത് വലിയ അഭ്യൂഹങ്ങള്‍ക്ക ഇടയാക്കിയിരുന്നു. ഒപ്പം ഏക്നാഥ് ഷിന്‍ഡെയുടെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള സമ്മര്‍ദ്ദ തന്ത്രവും മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ അസ്വസ്ഥമാക്കി. പക്ഷേ വമ്പന്‍ വിജയം നേടിയ ബിജെപി മഹാരാഷ്ട്രയില്‍ പഴയത് പോലെ ഒരു ഒത്തുതീര്‍പ്പ് ഫോര്‍മുലയ്ക്ക് വഴങ്ങിയില്ല.

ആര്‍എസ്എസ് പിന്തുണയുള്ള ഫഡ്നാവിസിന് ഭൂരിപക്ഷം എംഎല്‍എമാരുടെയും അംഗീകാരമുണ്ടെന്നിരിക്കെ നാഗ്പൂര്‍ നിയന്ത്രിക്കുന്ന പ്രധാന സംസ്ഥാനത്ത് ഫഡ്നാവിസിന്റെ സാധ്യതകള്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. പക്ഷേ മഹായുതി മുന്നണി മീറ്റിങുകളില്‍ നിസഹകരണം കൊണ്ടും അസാന്നിധ്യം കൊണ്ടും ഷിന്‍ഡെ സമ്മര്‍ദ്ദം മെനഞ്ഞു.

ഇതോടെ പലകുറി ചര്‍ച്ചകള്‍ മാറ്റി വെ്ക്കേണ്ടി വന്നെങ്കിലും ഒടുവില്‍ സത്യപ്രതിജ്ഞയുടെ കാര്യം ബിജെപി തീരുമാനിക്കുകയായിരുന്നു. ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷം മഹായുതിയുടെ മൂന്ന് നേതാക്കളും നാളെ കൂടിക്കാഴ്ച നടത്തിയേക്കും. ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയും നാളെ നടന്നേക്കും.

മുഖ്യമന്ത്രി കസേര പോയതോടെ ആഭ്യന്തരം കിട്ടാന്‍ ശ്രമിച്ച ഷിന്‍ഡെയ്ക്ക് അതിനും ബിജെപി അവസരം നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും മാത്രമാകും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് സൂചന.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.