സോള്‍: പ്രതിഷേധം കനത്തതോടെ ദക്ഷിണ കൊറിയയില്‍ നടപ്പിലാക്കിയ പട്ടാള നിയമം പിന്‍വലിച്ച് പ്രസിഡന്റ് യൂന്‍ സുക് യോള്‍. ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് പട്ടാള നിയമം പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ച് ആറ് മണിക്കൂറിനുള്ളില്‍ തന്നെ നിയമം പിന്‍വലിച്ച് ഉത്തരവിറക്കി.
പട്ടാള നിയമം പ്രഖ്യാപനത്തിന് പിന്നാലെ രാത്രി സൈന്യം പാര്‍ലമെന്റ് വളഞ്ഞിരുന്നു. ഇതോടെ വലിയ പ്രതിഷേധങ്ങളും ഉയര്‍ന്നു. നാഷണല്‍ അസംബ്ലിയുടെ അപേക്ഷ പരിഗണിച്ചാണ് പട്ടാള നിയമം പിന്‍വലിക്കാനുള്ള തീരുമാനമെടുത്തതെന്ന് യൂന്‍ വ്യക്തമാക്കി. ഇതിനായി വിന്യസിച്ചിട്ടുള്ള സൈന്യത്തെയും പിന്‍വലിക്കുമെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
'ഉത്തര കൊറിയന്‍ കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്ന് ലിബറല്‍ ദക്ഷിണ കൊറിയയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും ഇല്ലാതാക്കുന്ന രാജ്യവിരുദ്ധ ഘടകങ്ങളെ ഇല്ലാതാക്കാനുമായി പട്ടാള നിയമം പ്രഖ്യാപിക്കുന്നു'- എന്നാണ് തത്സമയ ടെലിവിഷന്‍ സംപ്രേഷണത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് അറിയിച്ചത്.
പ്രതിപക്ഷത്തെ കുറ്റവാളികളെന്ന് വിശേഷിപ്പിച്ച യൂന്‍ രാജ്യത്തെ ലിബറല്‍ ജനാധിപത്യത്തെ അട്ടിമറിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ആരോപിച്ചു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള പാര്‍ലമെന്റില്‍ യൂനും പ്രതിപക്ഷാംഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പുകയുകയാണ്. അടുത്ത വര്‍ഷത്തെ ബജറ്റിനെ ചൊല്ലി യൂനിന്റെ പവര്‍ പാര്‍ട്ടിയും പ്രതിപക്ഷത്തുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ തുറന്ന പോര് നടക്കുന്നതിനിടെയാണ് അടിയന്തര പട്ടാള നിയമം പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.