ഹൈദരാബാദ്: തെലങ്കാനയില്‍ ശക്തമായ ഭൂചലനം. മുളുഗു ജില്ലയില്‍ ഇന്ന് രാവിലെ 7:27നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് സീസ്മോളജി (എന്‍സിഎസ്) റിപ്പോര്‍ട്ട് ചെയ്തു.
തെലങ്കാനയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. ഖമ്മം, കരിംനഗര്‍, വാറംഗല്‍, ഹനംകൊണ്ട തുടങ്ങിയ ജില്ലകളിലും ഹൈദരാബാദിന്റെ ചില പ്രാന്തപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
അതേസമയം ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഗോദാവരി നദിതീരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
പല ഇടങ്ങളിലും ശക്തമായ പ്രകമ്പനമാണ് ഉണ്ടായത്. ഭൂമികുലുക്കം ഉണ്ടായതോടെ ആളുകള്‍ വീടുകളില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി ഓടി മാറുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. വീടുകളിലെ ഉപകരണങ്ങളും പാത്രങ്ങളും മറ്റു വസ്തുക്കളും തെറിച്ചുവീണു. ബലക്ഷയമുള്ള കെട്ടിടങ്ങളില്‍ തുടരരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.