അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം; വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വെച്ച്

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം;  വെടിയുതിര്‍ത്തത് സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വെച്ച്

ചണ്ഡിഗഡ്: ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപ മുഖ്യമന്ത്രിയുമായ സുഖ്ബീര്‍ സിങ് ബാദലിന് നേരെ വധശ്രമം. അതീവ സുരക്ഷയുള്ള അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന്റെ കവാടത്തില്‍ വെച്ച് ഇന്ന് രാവിലെയാണ് ആക്രമണം നടന്നത്.

ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നാണ് വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. രണ്ട് തവണയാണ് അക്രമി ബാദലിന് നേരെ വെടിയുതിര്‍ത്തത്. നരേന്‍ സിങ് ചൗര എന്നയാളെ പൊലീസും സുരക്ഷ ഉദ്യോഗസ്ഥരും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. നേരത്തെയും ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അക്രമിയെ അകാലിദള്‍ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്ന സ്ഥിതിയുമുണ്ടായി.

മതനിന്ദാ കുറ്റത്തിന് പുരോഹിത സഭയായ അകാല്‍ തഖ്ത് വിധിച്ച ശുചീകരണ പ്രവൃത്തിക്കായി സുവര്‍ണ ക്ഷേത്രത്തില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം. സുവര്‍ണ ക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, ക്ഷേത്രത്തിന് രണ്ട് ദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം.

കൂടാതെ ഒരു മണിക്കൂര്‍ കീര്‍ത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാല്‍ തഖ്ത് ബാദലിനുമേല്‍ ചുമത്തിയത്. ബാദലിന്റെ ഭാര്യാ സഹോദരനും അകാലിദള്‍ നേതാവുമായിരുന്ന ബിക്രം സിങ് മജിത്യക്കും അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിട്ടുണ്ട്. സുവര്‍ണ ക്ഷേത്രത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ കഴുകി വൃത്തിയാക്കാനാണ് ബിക്രം സിങിനുള്ള ശിക്ഷ.


കുറ്റങ്ങളെല്ലാം ഏറ്റുപറഞ്ഞ് ബാദല്‍ മാപ്പ് അപേക്ഷിച്ചിരുന്നു. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച 12 മണി മുതല്‍ ഒരു മണിവരെ ശുചിമുറികള്‍ വൃത്തിയാക്കാനായിരുന്നു ഇവര്‍ക്കുള്ള ശിക്ഷാ നടപടി.

ബാദലിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന പ്രകാശ് സിങ് ബാദലിന് സിഖ് സമൂഹത്തിന്റെ അഭിമാനം എന്ന നിലയില്‍ നല്‍കിയ ഫഖ് ര്‍ ഇ ക്വാം ബഹുമതി എടുത്തു കളയാനും തീരുമാനിച്ചിരുന്നു.

2007-2017 കാലത്തെ അകാലിദള്‍ ഭരണത്തിലുണ്ടായ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. സിഖ് മത നിയമപീഠം തെറ്റുകാരനെന്ന് വിധിച്ചതിന് പിന്നാലെ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷ സ്ഥാനം രാജി വെച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.