പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ ഭരണഘടനാ അവകാശമാണ് തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭലിലേക്കുള്ള യാത്ര ഡല്‍ഹി-യുപി അതിര്‍ത്തിയായ ഗാസിപൂരില്‍ പൊലീസ് തടഞ്ഞതോടെ റോഡില്‍ രണ്ട് മണിക്കൂറോളം നീണ്ട പ്രതിഷേധത്തിന് ഒടുവില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും ഡല്‍ഹിക്ക് മടങ്ങി.
മോസ്‌കിന്റെ സര്‍വേയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ട സംഭല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും തന്നെ വിലക്കിയത് അവകാശ ലംഘനമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പറഞ്ഞു.
ഒരു പ്രതിപക്ഷ നേതാവെന്ന നിലയിലാണ് പ്രദേശം സന്ദര്‍ശിക്കാനൊരുങ്ങിയതെന്നും അത് തന്റെ ഭരണഘടനാ അവകാശമായിരുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തിക്കാട്ടിയായിരുന്നു കാറിന് മുകളില്‍ കയറിയിരുന്ന് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
താന്‍ ഒറ്റയ്ക്ക് പോകാന്‍ തയ്യാറായിരുന്നു. പൊലീസിനൊപ്പം പോകാനും തയ്യാറായിരുന്നു. പക്ഷേ, അതൊന്നും അവര്‍ അംഗീകരിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞ് വന്നാല്‍ വിടാമെന്നാണ് പൊലീസ് പറയുന്നത്. ഞങ്ങള്‍ക്ക് സംഭലില്‍ പോവേണ്ടതുണ്ടായിരുന്നു.
അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണം. അവിടുത്തെ ജനങ്ങളെ കാണണം. എന്റെ ഭരണഘടനാ അവകാശം എനിക്ക് അനുവദിച്ച് തന്നില്ല. ഇതാണ് പുതിയ ഇന്ത്യയെന്നും രാഹുല്‍ പ്രതികരിച്ചു.
സംഭലില്‍ സംഭവിച്ചത് എന്തായാലും അത് തെറ്റായിരുന്നു. അവിടെയുള്ള ജനങ്ങളെ കാണേണ്ടത് ഒരു പ്രതിപക്ഷ നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ അവകാശമായിരുന്നു. അതാണ് ലംഘിക്കപ്പെട്ടതെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു.
തങ്ങളെ തടഞ്ഞതിന് പൊലീസിനോട് പല കാര്യങ്ങളും ചോദിച്ചു. പക്ഷേ അവര്‍ക്ക് ഉത്തരമില്ലായിരുന്നു. അവിടെ പോയാല്‍ ക്രമസമാധാന പ്രശ്നമുണ്ടാവുമെന്നാണ് പറയുന്നത്. അത് തടയാന്‍ പൊലീസുകാര്‍ക്ക് കഴിയില്ലേയെന്നും പ്രിയങ്ക ചോദിച്ചു. ഒരിഞ്ച് പോലും പിന്നോട്ടില്ല. പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.