കൊച്ചി:
കാക്കനാട്ടെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്നും പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധം. 2007 ലെ കരാര്‍ അനുസരിച്ച് പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് ടീകോം കമ്പനിയില്‍ നിന്നാണ്.
എന്നാല്‍ പദ്ധതിയില്‍ നിന്നും പിന്മാറുന്ന ടീകോമിന് നഷ്ടപരിഹാരത്തുക അടക്കം നല്‍കാനാണ് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. മന്ത്രിസഭായോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നാണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വ്യക്തമാക്കുന്നത്.
വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് കൊച്ചിയിലെ സ്മാര്‍ട്ടി സിറ്റി പദ്ധതിക്കായി സര്‍ക്കാര്‍ ടീകോം കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചത്. ഈ പദ്ധതിയുടെ കാര്യത്തിലും തൊഴില്‍ വാഗ്ദാനത്തിന്റെ കാര്യത്തിലും ടീകോം വീഴ്ച വരുത്തിയാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു.
ഈ വ്യവസ്ഥ നിലനില്‍ക്കെയാണ് കെട്ടിട നിര്‍മാണത്തിന് അടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ധാരണയായത്. നഷ്ടപരിഹാര തുകയും പിന്മാറ്റ നയവും തീരുമാനിക്കാനായി ഒരു കമ്മിറ്റിയെയും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. ആ കമ്മിറ്റിയില്‍ ടീകോമിന്റെ അന്നത്തെ സിഇഒ ആയിരുന്ന ബാജു ജോര്‍ജിനെ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.
നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ നയ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതി രൂപീകരിച്ചു. കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ടീക്കോമിന് നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 246 ഏക്കര്‍ ഭൂമിയാണ് തിരിച്ചു പിടിക്കുന്നത്.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്ന് ഐടി ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുക എന്നതായിരുന്നു പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്. എന്നാല്‍ ദുബായ് കേന്ദ്രീകൃതമായ കമ്പനി കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ കരാര്‍ പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തില്ല.
പിന്നീട് പദ്ധതിയില്‍ നിന്നും പിന്മാറുന്നതായി ടീകോം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പദ്ധതിയില്‍ നിന്നും ടീകോമിനെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള നീക്കത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. കരാര്‍ പാലിക്കാത്ത കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ നഷ്ടപരിഹാരം വാങ്ങേണ്ടതിന് പകരം ടീകോമിന് നഷ്ടം നല്‍കാനുള്ള നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്ന് ഇരുവരും ആരോപിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.