പാരീസ് ആർച്ച് ബിഷപ്പ് ആനവാതിലിൽ മുട്ടുന്നതോടെ ലോകപ്രശസ്തമായ നോട്രഡാം കത്തീഡ്രൽ ഇന്ന് തുറക്കും; ചടങ്ങിന് ഡൊണൾഡ് ട്രംപും

പാരീസ് ആർച്ച് ബിഷപ്പ് ആനവാതിലിൽ മുട്ടുന്നതോടെ ലോകപ്രശസ്തമായ നോട്രഡാം കത്തീഡ്രൽ ഇന്ന് തുറക്കും; ചടങ്ങിന് ഡൊണൾഡ് ട്രംപും

പാരീസ്: പാരീസിലെ ലോകപ്രശസ്തമായ നോട്രഡാം കത്തീഡ്രൽ നവീകരണത്തിന് ശേഷം ഇന്ന് തുറക്കും. 2019-ലെ തീപിടിത്തത്തിൽ തകർന്ന മേൽക്കൂരയുടെ ഭാഗം കൊണ്ടുണ്ടാക്കിയ ദണ്ഡുകൊണ്ട് ആർച്ച് ബിഷപ്പ് ലോറന്റ് ഉൾറിച്ച് പള്ളിയുടെ ആനവാതിലിൽ മുട്ടുന്നതോടെ അഞ്ച് വർഷത്തിന് ശേഷം നോട്രഡാമിനുള്ളിൽ ഗായക സംഘത്തിന്റെ പാട്ടുയരും. ക്ഷണിക്കപ്പെട്ട 1500 അതിഥികളുമായി ആർച്ച് ബിഷപ്പ് പള്ളിക്കുള്ളിൽ പ്രവേശിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. പ്രാദേശിക സമയം വൈകുന്നേരം ഏഴിനാണ് പുനരുദ്ധാരണ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

തീപിടിത്തത്തിലുണ്ടായ വിഷപ്പൊടി നിറഞ്ഞ് ഉപയോഗശൂന്യമായ ഭീമൻ ഓർഗനെ ആർച്ച് ബിഷപ്പ് വർഷങ്ങളുടെ മയക്കത്തിൽ നിന്ന് തൊട്ടുണർത്തും. ഞായറാഴ്ച ഉദ്ഘാടന ദിവ്യബലിക്കും പ്രധാന ബലിപീഠം പ്രതിഷ്ഠിക്കുന്ന ചടങ്ങിനും ശേഷം 860-ലേറെ വർഷത്തോളം പഴക്കമുള്ള നോട്രഡാം കത്തീഡ്രലിൽ വീണ്ടും പൊതുജനങ്ങളെ കയറ്റും.

ഇന്ന് നടക്കുന്ന ചടങ്ങുകളിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി തുടങ്ങിയവർ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ ക്ഷണം സ്വീകരിച്ച് എത്തുന്നുണ്ട്. 150 രാജ്യങ്ങളിൽ നിന്നുള്ള 3.4 ലക്ഷംപേർ ചേർന്ന് 84.6 കോടി യൂറോയാണ് (ഏകദേശം 7577 കോടിരൂപ) പള്ളിയുടെ നവീകരണത്തിനായി നൽകിയത്.

ഗോഥിക് വാസ്തു വിദ്യയുടെ സൗന്ദര്യം ഒട്ടും ചോർന്നുപോകാതെയാണ് അഞ്ഞൂറോളം പേർ ചേർന്ന് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പ്രൌഡ ഗംഭീരമായ ചടങ്ങുകൾ ഫ്രാൻസിനും കത്തോലിക്കാ സഭയ്ക്കും, തങ്ങളുടെ പ്രശസ്തിയും ആഗോള സ്വാധീനവും പ്രകടിപ്പിക്കാനുള്ള അവസരമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.