ദമാസ്‌കസ്: ആഭ്യന്തര യുദ്ധം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യം വിട്ടെന്ന് അഭ്യൂഹം ഉയര്‍ന്ന സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബഷാര്‍ യാത്ര ചെയ്യുകയായിരുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും വിമാനം തകര്‍ന്നുവെന്നുവാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അസദ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ടതായാണ് സൂചന.
ദമാസ്‌കസ് നഗരം വിമതര്‍ പിടിച്ചടക്കിയതോടെ അസദ് അവിടെ നിന്ന് രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായതോടെയാണ് സംശയം ബലപ്പെട്ടത്.
സിറിയന്‍ എയര്‍ 9218 ഇല്യൂഷിന്‍-76 വിമാനമാണ് ദമാസ്‌കസില്‍ നിന്ന് അവസാനമായി പറന്ന വിമാനമെന്ന് ഫ്‌ളൈറ്റ് ട്രാക്കര്‍മാര്‍ വ്യക്തമാക്കുന്നു. ഈ ഫ്‌ളൈറ്റില്‍ ബഷാര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ വിമതര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പിടിച്ചടക്കുന്നതിന് മുന്‍പാണ് ഈ വിമാനം പറന്നുയര്‍ന്നത്. ആദ്യം കിഴക്കോട്ട് പറന്ന വിമാനം പിന്നീട് വടക്കോട്ട് തിരിഞ്ഞു. പിന്നാലെ പാശ്ചാത്യ സിറിയന്‍ നഗരമായ ഹോംസിന് മുകളില്‍ വട്ടമിട്ട് പറന്ന വിമാനത്തിന്റെ സിഗ്‌നലുകള്‍ നഷ്ടമായി.
അപ്രത്യക്ഷമാകുന്നതിന് തൊട്ടുമുമ്പ് മിനിറ്റുകള്‍ക്കുള്ളില്‍ ജെറ്റ് 3,650 മീറ്ററില്‍ നിന്ന് 1,070 മീറ്ററിലേക്ക് കുത്തനെ താഴ്ന്നുവെന്ന് ഫ്‌ളൈറ്റ് റഡാര്‍ ഡാറ്റ സൂചിപ്പിക്കുന്നു. വിമാനം തകര്‍ന്നുവീഴുകയോ വെടിവച്ചിടുകയോ ചെയ്തതാകാം എന്നാണ് ഊഹാപോഹങ്ങള്‍.
അതേസമയം, വിമാനം തകര്‍ന്നു എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. സിറിയയില്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഹോംസ് നഗരത്തിന്റെ മുകളില്‍ വച്ചാണ് വിമാനം കാണാതായിരിക്കുന്നത്. വിമത ആക്രമണത്തില്‍ വിമാനം തകര്‍ന്നതാണോ എന്ന് വ്യക്തമല്ല.
സിറിയയിലെ ഔദ്യോഗിക സര്‍ക്കാരിലെ ഉന്നതര്‍ വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സിന് നല്‍കിയ പ്രതികരണത്തില്‍, ബാഷര്‍ അല്‍ അസദ് ഈ വിമാനത്തില്‍ ഉണ്ടായിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാഷര്‍ അല്‍ അസദ് ഭരണം അവസാനിച്ചു എന്ന് പ്രഖ്യാപിച്ച് വിമതര്‍ സിറിയയില്‍ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്.
തലസ്ഥാന നഗരമായ ദമാസ്‌കസിന്റെ നിയന്ത്രണം പൂര്‍ണമായി വിമതര്‍ പിടിച്ചെടുത്തു. സിറിയ പൂര്‍ണമായും കീഴടക്കിയെന്ന് ഔദ്യോഗിക ടിവി, റേഡിയോ ചാനലുകളിലൂടെ വിമതര്‍ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ദമാസ്‌കസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിറിയന്‍ സൈന്യം പിന്‍വാങ്ങി. 74 ശതമാനം സുന്നികളും 13 ശതമാനം ഷിയാക്കളും പത്തു ശതമാനം ക്രൈസ്തവരും ഉള്ള ഒരു രാജ്യത്തിന്റെ ഭരണം ഭീകര ബന്ധമുള്ള വിമതരുടെ കൈയില്‍ എത്തിയിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.