പാരീസില്‍ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച; ഉക്രെയ്ന്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ്

പാരീസില്‍ ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ച; ഉക്രെയ്ന്‍ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ്

കീവ്: റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടിയന്തരമായി വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ ചര്‍ച്ച തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാരീസില്‍ പുതുക്കിപ്പണിത നോട്രഡാം കത്തീഡ്രല്‍ തുറക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ട്രംപ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചയ്ക്ക് മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ചര്‍ച്ച തുടങ്ങുംമുന്‍പ് മൂവരും മാധ്യമങ്ങള്‍ക്കായി ഫോട്ടോയ്ക്കു പോസ് ചെയ്തിരുന്നു.

യുദ്ധത്തെ 'ഭ്രാന്ത്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. നിരവധി ജീവനുകളാണ് യുദ്ധത്തില്‍ പൊലിഞ്ഞത്. നിരവധി കുടുംബങ്ങള്‍ തകര്‍ന്നതായും ട്രംപ് ചൂണ്ടിക്കാട്ടി. ഏറ്റുമുട്ടല്‍ അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഉക്രെയ്‌നികളോട് നീതി കാണിക്കുന്നതായിരിക്കണം റഷ്യയുമായുള്ള സമാധാന ഉടമ്പടിയെന്ന് സെലന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യയടക്കം ആര്‍ക്കും ഉക്രെയ്‌നെ ആക്രമിക്കാന്‍ ഇനി അവസരം നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു. 2022 ഫെബ്രുവരി 24ന് റഷ്യ തുടങ്ങിയ യുദ്ധത്തില്‍ യുക്രെയ്‌ന്റെ 43,000 സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായും 3.70 ലക്ഷം സൈനികര്‍ക്ക് പരിക്കേറ്റതായും സമൂഹ മാധ്യമത്തില്‍ സെലന്‍സ്‌കി അറിയിച്ചു.

1000 ദിവസത്തിലേറെ നീണ്ട യുദ്ധത്തിലുണ്ടായ സൈനിക നഷ്ടത്തെക്കുറിച്ച് റഷ്യയും ഉക്രെയ്‌നും ഇതുവരെ കണക്കുകള്‍ പുറത്തുവിട്ടിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.