ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല; നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് നടി

ആക്രമണ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് തുറന്നതില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയില്ല; നീതി തേടി രാഷ്ട്രപതിക്ക് കത്തയച്ച് നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് ആക്രമണത്തിന് ഇരയായ നടി. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സൂക്ഷിച്ച മെമ്മറി കാര്‍ഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയില്ലെന്ന് നടി രാഷ്ട്രപതിക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.

പരാതി നല്‍കിയിട്ടും ഹൈക്കോടതിയും സുപ്രീം കോടതിയും ഈ വിഷയത്തില്‍ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തെഴുതുന്നതെന്ന് നടി പറയുന്നു. തന്നെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി മൂന്ന് തവണ തുറന്നു പരിശോധിച്ചതായി കണ്ടെത്തിയിരുന്നു.

ശാസ്ത്രീയ പരിശോധനയില്‍ അടക്കം ഇക്കാര്യം തെളിഞ്ഞിരുന്നു. ആ സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഹൈക്കോടതിക്കും സുപ്രീം കോടതിക്കും പരാതി നല്‍കിയിരുന്നു. ഉത്തരവാദികള്‍ ആരെന്ന് കണ്ടെത്തേണ്ടത് കോടതികളായിട്ടും നടപടി ഉണ്ടാകുന്നില്ല.

ദൃശ്യങ്ങള്‍ പുറത്തു പോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാല്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശം നല്‍കണമെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കത്തില്‍ നടി ആവശ്യപ്പെടുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അന്തിമ വാദം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നാളെ ആരംഭിക്കും. ഒരുമാസം കൊണ്ട് വാദം പൂര്‍ത്തിയായേക്കും. 2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ വെച്ച് നടി ആക്രമണത്തിന് ഇരയായത്.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.