ദമാസ്‌കസ്: പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കിയ വിമതര്‍, മുഹമ്മദ് അല്‍ ബഷീറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. 2025 മാര്‍ച്ച് ഒന്ന് വരെയാണ് അല്‍ ബഷീറിന്റെ കാലാവധി. വിമതര്‍ക്ക് നേതൃത്വം നല്‍കുന്ന ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ (എച്ച്.ടി.എസ്) നിയന്ത്രണത്തില്‍ ഇഡ്ലിബ് ഭരിക്കുന്ന സാല്‍വേഷന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയാണ് 41 കാരനായ അല്‍ ബഷീര്‍.
എന്‍ജിനിയറായ ബഷീര്‍ ഇഡ്ലിബ് സര്‍വകലാശാലയില്‍ നിന്ന് ശരിയത്ത് നിയമത്തില്‍ ബിരുദവും എടുത്തിട്ടുണ്ട്.
അതേസമയം ഡമാസ്‌കസില്‍ ജീവിതം സാധാരണ നിലയിലായി തുടങ്ങി. അസദിന്റെ പതനത്തിന് ശേഷം ആദ്യമായി ചൊവ്വാഴ്ച ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിച്ചു. കടകളും തുറന്നു. റോഡ് ഗതാഗതം സാധാരണ നിലയിലായി. ശുചീകരണ തൊഴിലാളികളും നിര്‍മാണ തൊഴിലാളികളും പണിക്കെത്തിയിരുന്നു.
അതിനിടെ സിറിയന്‍ സൈനികത്താവളങ്ങളില്‍ ഇസ്രയേല്‍ ചൊവ്വാഴ്ചയും വ്യോമാക്രമണം തുടര്‍ന്നു. ദമാസ്‌കസിന് അടുത്തുവരെ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രയേല്‍ സൈന്യം നിഷേധിച്ചു. സിറിയയ്ക്കുള്ളില്‍ 400 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കരുതല്‍ മേഖലയ്ക്കപ്പുറം കടന്നിട്ടില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. 1973 ലെ യുദ്ധത്തിലാണ് ഇസ്രയേല്‍ ഈ പ്രദേശം പിടിച്ചെടുത്തത്.
എന്നാല്‍ കരുതല്‍മേഖലയ്ക്ക് കിഴക്ക് കിലോമീറ്ററുകള്‍ അകലെ ഖതാനയില്‍ ഇസ്രയേല്‍ സൈന്യമെത്തിയെന്ന് സിറിയന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ നിന്ന് ഏതാനും കിലോമീറ്റര്‍ മാത്രം അകലെയാണ് ദമാസ്‌കസ്. ദമാസ്‌കസിന് വടക്ക് ബര്‍സേഹിലുള്ള പ്രതിരോധമന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ ഇസ്രയേല്‍ തകര്‍ത്തിരുന്നു. ലടാക്കിയ തീരത്ത് നങ്കൂരമിട്ടിരുന്ന 10 നാവികസേനാകപ്പലുകളും തകര്‍ത്തുവെന്ന് യുദ്ധ നിരീക്ഷകരായ സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറഞ്ഞു. രാസായുധ നിര്‍മാണശാലയെന്ന് പറഞ്ഞ് 2018 ല്‍ യു.എസുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ബര്‍സേഹ് കേന്ദ്രം ആക്രമിച്ചിട്ടുണ്ട്.
എന്നാല്‍ സിറിയയിലെ പുതിയ അധികാരികളുമായി സംഘര്‍ഷത്തിന് ആഗ്രഹിക്കുന്നില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു. പക്ഷേ ഞായറാഴ്ച അസദ് സര്‍ക്കാര്‍ വീണുകഴിഞ്ഞുള്ള ദിവസങ്ങളിലായി ഇസ്രയേല്‍ സിറിയയില്‍ 310 വ്യോമാക്രമണം നടത്തി. സിറിയന്‍ സംഘര്‍ഷത്തില്‍ ഇടപെടുകയല്ല, ആത്മരക്ഷയ്ക്കാണ് ആക്രമണം നടത്തുന്നതെന്ന് ഇസ്രയേല്‍ യു.എന്‍ രക്ഷാസമിതിയില്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.