വിഴിഞ്ഞം: കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

വിഴിഞ്ഞം: കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നല്‍കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ടില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വരുമാന വിഹിതം പങ്കുവെക്കണമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയില്‍ മാറ്റമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഹാരിസ് ബീരാന്‍ എംപിയുടെ ചോദ്യത്തിനാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നിലപാട് അറിയിച്ചത്.

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രം നല്‍കുന്ന 817.80 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവ് വേണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. വിഴിഞ്ഞം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കുമ്പോഴും അന്തിമ അംഗീകാരം നല്‍കുമ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നതായി കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു. ഇളവ് തേടി കേരളം നല്‍കിയ കത്തുകള്‍ 2022 ജൂണ്‍ ഏഴിനും 2024 ജൂലൈ 27 നും ചേര്‍ന്ന ഉന്നതാധികാരസമിതി യോഗങ്ങള്‍ പരിശോധിച്ചതാണെന്ന് ഷിപ്പിങ് മന്ത്രി പറഞ്ഞു.

എന്നാല്‍ ഇളവ് അനുവദിക്കേണ്ടതില്ലെന്നാണ് യോഗം തീരുമാനിച്ചതെന്ന് കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സംസ്ഥാനം പല തവണയായി വിജിഎഫ് തിരിച്ചടയ്ക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിബന്ധന പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ട് വിഷയത്തില്‍ ഇളവ് അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.