സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ല ; ഗായിക പരസ്തു അഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ പൊലീസ്

സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ല ; ഗായിക പരസ്തു അഹമ്മദിയെ അറസ്റ്റ് ചെയ്ത് ഇറാൻ പൊലീസ്

ടെഹ്റാൻ: സംഗീത പരിപാടി നടക്കുമ്പോൾ ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ ഗായിക പരസ്തു അഹമ്മദിയെ ഇറാൻ പൊലീസ് അറസ്റ്റ് ചെയ്തു. പരസ്തു അഹമ്മദി യൂട്യൂബിൽ ഒരു ഓൺലൈൻ സംഗീത കച്ചേരി നടത്തിയിരുന്നതായി ഇറാൻ ഇൻ്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു.

കറുത്ത സ്ലീവ്‍ലെസ് വസ്ത്രം ധരിച്ച്, മുടി മറയ്ക്കാതെ നാല് പുരുഷ സംഗീതജ്ഞർക്കൊപ്പമാണ് യുവതി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. 15 ലക്ഷം കാഴ്ചക്കാരാണ് വിഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.

‘‘പ്രിയപ്പെട്ടവർക്കുവേണ്ടി പാടാൻ ആഗ്രഹിക്കുന്ന പരസ്തൂ എന്ന പെൺകുട്ടിയാണ് ഞാൻ. ഈ മണ്ണിനു വേണ്ടി പാടുക എന്നത് എന്റെ അവകാശമാണ്. ചരിത്രവും മിത്തുകളും ഇഴചേർന്നു കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ഇറാനിലെ ഈ ഭാഗത്ത്, സാങ്കൽപ്പികമായ ഈ സംഗീതക്കച്ചേരിയിൽ എന്റെ ശബ്ദം കേൾക്കുകയും ഈ മനോഹരമായ മാതൃരാജ്യത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുക"– യൂട്യൂബിൽ വിഡിയോയ്ക്കൊപ്പം പരസ്തൂ അഹ്മദി കുറിച്ചു.

ഗാനം യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത് ഒരു ദിവസത്തിന് ശേഷം വടക്കൻ ഇറാനിലെ മസന്ദരനിൽ നിന്നാണ് ഗായികയെ അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായതിന് ശേഷം പരസ്തു അഹമ്മദിയെക്കുറിച്ചുള്ള ഒന്നും അറിയില്ലെന്ന് അഹമ്മദിയുടെ അഭിഭാഷകൻ മിലാദ് പനാഹിപൂർ പറയുന്നു. ഇറാനിയൻ പോലീസ് ഉദ്യോഗസ്ഥർ പരസ്തുവിനെ എവിടെയാണ് മാറ്റിയതെന്ന് ആർക്കും അറിയില്ല.

പരസ്‌തുവിന്റെ മ്യൂസിക്കൽ ബാൻഡിലെ മറ്റ് രണ്ട് അംഗങ്ങളായ എഹ്‌സാൻ ബെരഗ്ദാർ, സൊഹൈൽ ഫാഗിഹ്-നസിരി എന്നിവരും ശനിയാഴ്ച അറസ്റ്റിലായിരുന്നു.ഡിസംബർ 12ന് ശരീയത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് കച്ചേരി സംഘടിപ്പിച്ചതെന്ന് ഇറാൻ കോടതിയും പറഞ്ഞു.

ഹിജാബ് നിയമത്തിൽ ഇറാൻ സർക്കാർ പരിഷ്കരണം വരുത്തിയത് അടുത്തിടെയാണ്. ​​ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്ക് വധശിക്ഷ വരെ ലഭിക്കുന്ന തരത്തിലാണ് നിയമം പരിഷ്കരിച്ചത്. കടുത്ത ശിക്ഷകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമത്തിലെ ആർട്ടിക്കിൾ 60 പ്രകാരം ഹിജാബ് നിയമം ലംഘിക്കുന്നവർക്ക് പിഴയോ, ചാട്ടവറടിയോ, ജയിൽ ശിക്ഷയോ ലഭിക്കും. കുറ്റം വീണ്ടും ആവർത്തിച്ചാൽ 15 വർഷം വരെ തടവോ വധശിക്ഷയോ ആണ് ലഭിക്കുക.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.