കൊച്ചി: വന്യ മൃഗങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങളെ കൊല്ലുവാന്‍ അവസരമൊരുക്കുന്ന വനം വകുപ്പ് പിരിച്ചു വിടണമെന്നും വനം മന്ത്രിക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
കോതമംഗലത്ത് കാട്ടാന ആക്രമിച്ച് എല്‍ദോസ് എന്ന യുവാവിനെ കൊന്നത് വനം വകുപ്പിന്റെ ജനദ്രോഹ നയങ്ങള്‍ കാരണമാണ്.നൂറു കണക്കിനാളുകള്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല ചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ വന്യമൃഗങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നത് വിചിത്രമാണ്. ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം മൃഗങ്ങള്‍ക്ക് കൊടുക്കുന്ന സര്‍ക്കാരുകള്‍ക്ക് ഭരണത്തില്‍ തുടരുവാനുള്ള അര്‍ഹത ഇല്ല.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തോന്ന്യവാസങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ദുര്‍ബലരായ ഭരണാധികാരികള്‍ ഭരണത്തില്‍ തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ജങ്ങളോട് പ്രതിബദ്ധത ഇല്ലാത്ത വനം മന്ത്രി രാജി വെക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വന്യ മൃഗങ്ങള്‍ക്ക് ജനവാസ മേഖലകളിലേക്ക് കടന്നു കയറുവാന്‍ അവസരമൊരുക്കുന്ന പുതിയ വനനിയമ ഭേദഗതിക്ക് എതിരെ കേരളത്തില്‍ ഉടനീളം വലിയ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ തന്നെ തുടര്‍ച്ചയായി കാട്ടാന ആക്രമണങ്ങള്‍ ഉണ്ടാകുന്നത് ഭരണാധികാരികളുടെ കണ്ണ് തുറപ്പിക്കണം. കേരളത്തില്‍ ഫോറസ്റ്റ് രാജ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം. നിയമ ഭേദഗതി പൂര്‍ണമായും പിന്‍വലിക്കണം.വിവിധ നിയമങ്ങളിലൂടെയും വന്യജീവി ആക്രമണങ്ങളിലൂടെയും ജനങ്ങളെ കുടിയൊഴിപ്പിക്കനുളള ഗൂഢതന്ത്രം വിലപ്പോവില്ല. അതിനെതിരെ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ കത്തോലിക്ക കോണ്‍ഗ്രസ് നേതൃ യോഗം തീരുമാനിച്ചു.
ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച അടിയന്തിര നേതൃ യോഗത്തില്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഡോ. കെ.എം ഫ്രാന്‍സിസ്, ജോയിസ് മേരി ആന്റണി, ജോര്‍ജ് കോയിക്കല്‍, സണ്ണി കടുതാഴെ,സിജോ ഇലന്തൂര്‍, കെ.എം മത്തച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.