'അയോധ്യ തര്‍ക്കം പോലൊന്ന് ഇനി വേണ്ട'; വിവിധ മത വിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ മാതൃകയാകണമെന്ന് മോഹന്‍ ഭാഗവത്

'അയോധ്യ തര്‍ക്കം പോലൊന്ന് ഇനി വേണ്ട'; വിവിധ മത വിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ മാതൃകയാകണമെന്ന് മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: രാമക്ഷേത്രത്തിന് സമാനമായ തര്‍ക്കങ്ങള്‍ രാജ്യത്ത് പല ഇടങ്ങളില്‍ ഉയര്‍ത്തികൊണ്ടുവരുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമായിരുന്നെന്നും സമാനമായ തര്‍ക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകേണ്ടതില്ലെന്നും മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു.

വിവിധ മത വിശ്വാസങ്ങള്‍ സൗഹാര്‍ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീര്‍ക്കണമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. ഇന്ത്യയില്‍ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല. എല്ലാവരും ഒന്നാണ്. പഴയ കാലത്തെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ലോകത്തിന് തന്നെ ഇന്ത്യ മാതൃകയാകണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ സംഭലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീര്‍ ഷരീഫ് തുടങ്ങിയ സ്ഥലങ്ങളിലെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഉടലെടുക്കുന്ന പുതിയ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം.

രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയമായിരുന്നു. രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരില്‍ മറ്റിടങ്ങളില്‍ തര്‍ക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. മറ്റ് മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവര്‍ക്കും അവരവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താന്‍ കഴിയണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.