മനാഗ്വ: നിക്കരാഗ്വേന്‍ ഏകാധിപത്യ ഭരണകൂടം തടങ്കലിലാക്കി നാട് കടത്തിയ ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസ് സ്‌പെയിനില്‍ അര്‍പ്പിച്ച ആദ്യ വിശുദ്ധ കുര്‍ബാനയില്‍, തന്റെ മാതൃരാജ്യത്തിനായി പ്രത്യേക പ്രാര്‍ഥന നടത്തി. ഈ വര്‍ഷം ജനുവരി മുതല്‍ റോമില്‍ പ്രവാസത്തില്‍ കഴിയുകയാണ് ബിഷപ്പ് അല്‍വാരസ്.
സ്‌പെയിനിലെ സെവില്ലെ പ്രവിശ്യയിലെ പ്യൂബ്ല ഡി ലോസ് ഇന്‍ഫന്‍സ് പട്ടണത്തിലെ ഔവര്‍ ലേഡി ഓഫ് ദി ഓര്‍കാഡ്സ് ഇടവകയിലാണ് ബിഷപ്പ് അല്‍വാരസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചത്. വിശുദ്ധ കുര്‍ബാനയുടെ അവസാനത്തില്‍, കത്തോലിക്കാ സഭയിലെ ബിഷപ്പുമാര്‍ക്കു ലഭിക്കുന്ന സ്ഥാനചിഹ്നങ്ങളിലൊന്നായ കുരിശ്, ബിഷപ്പ് അല്‍വാരസ് ദൈവാലയത്തിലെ പരിശുദ്ധ അമ്മയുടെ (ഔവര്‍ ലേഡി ഓഫ് സോറോസ്) ചിത്രത്തിനു മുന്‍പില്‍ സമര്‍പ്പിച്ചു.
നിക്കരാഗ്വേയിലെ മതഗല്‍പ്പ രൂപത സ്ഥാപിതമായതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ബിഷപ്പ് അല്‍വാരസ്, ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞു. 1924 ഡിസംബര്‍ 19 ന് പയസ് പതിനൊന്നാമന്‍ മാര്‍പാപ്പയുടെ കാലത്താണ് മതഗല്‍പ്പ രൂപത സ്ഥാപിതമായത്.
സ്വേച്ഛാധിപത്യ ഭരണത്തിനു കീഴില്‍ കടുത്ത പീഡനം അനുഭവിക്കുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്ക്ക് ഈ മാസം ആദ്യം ഫ്രാന്‍സിസ് മാര്‍പാപ്പ എഴുതിയ കത്തിലെ ചില ഭാഗങ്ങള്‍ നിക്കരാഗ്വേന്‍ ബിഷപ്പ് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു.
'നമ്മെ അനുഗമിക്കുന്നതും വഴികാട്ടുന്നതുമായ കര്‍ത്താവിന്റെ സ്‌നേഹഭരിതമായ കരുതലിനെ മറക്കരുത്. വിശ്വാസവും പ്രത്യാശയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും. പരിശുദ്ധ കന്യകയിലേക്ക് നമ്മുടെ നോട്ടം തിരിക്കാം: അവള്‍ ഈ വിശ്വാസത്തിന്റെ തിളങ്ങുന്ന സാക്ഷിയാണ്' പാപ്പാ കുറിച്ചു.
നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യത്തിനെതിരെ രൂക്ഷമായി വിമര്‍ശിച്ചുക്കൊണ്ടിരുന്ന ബിഷപ്പ് റൊളാന്‍ഡോ അല്‍വാരസിനെ 222 തടവുകാരോടൊപ്പം അമേരിക്കയിലേക്ക് കടത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അദ്ദേഹം രാജ്യം വിടാന്‍ കൂട്ടാക്കിയില്ല. ഇതിനു പിന്നാലേ രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനുള്ള ശ്രമം നടത്തി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് മെത്രാനെതിരെ ചുമത്തിയത്. വൈകാതെ ബിഷപ്പിനെ 26 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
ഐക്യരാഷ്ട്ര സഭയും മനുഷ്യാവാകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നെങ്കിലും ഭരണകൂടം വിട്ടുവീഴ്ചയ്ക്കു തയാറായില്ല. ഒടുവില്‍ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിന്റെ സഹായത്തോടെ, ജനുവരി 14-ന് തടവിലാക്കപ്പെട്ട ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെ രണ്ട് മെത്രാന്മാരെയും 15 വൈദികരെയും സെമിനാരി വിദ്യാര്‍ത്ഥികളെയും വത്തിക്കാനു കൈമാറി. നിക്കരാഗ്വയിലെ ജയിലില്‍ നിന്ന് നേരിട്ടു റോമിലേക്കായിരുന്നു ഇവരുടെ യാത്ര.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.