അഭയാര്‍ത്ഥിയായ സൈക്യാട്രിസ്റ്റ്; ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമിച്ച സൗദി ഡോക്ടര്‍ ആര്?

അഭയാര്‍ത്ഥിയായ സൈക്യാട്രിസ്റ്റ്; ജര്‍മ്മനിയിലെ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമിച്ച സൗദി ഡോക്ടര്‍ ആര്?

ബെര്‍ലിന്‍: ജര്‍മനിയിലെ മഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിക്കുകയും 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ലോകമെമ്പാടും ഞെട്ടലുളവാക്കിയിരിക്കുകയാണ്. ഈ ദാരുണ ആക്രമണത്തിന് പിന്നില്‍ അറസ്റ്റിലായ സൗദിയിൽ നിന്നുള്ള ഡോക്ടർ താലിബ് അബ്ദുല്‍ മുഹ്സിൻ്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്.

13 പേരുടെ മരണത്തിനിടയാക്കിയ 2016 ലെ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തെ ഓര്‍മിപ്പിക്കുന്ന വിധത്തിലായിരുന്നു ഇന്നത്തെ ആക്രമണവും. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടായിരുന്ന ഒരു കുടിയേറ്റക്കാരനായിരുന്നു അന്ന് ആക്രമണം നടത്തിയത്.

ഒരു ബിഎംഡബ്ല്യു കാര്‍ വാടകയ്ക്കെടുത്ത് ഒറ്റയ്ക്ക് ആള്‍ക്കൂട്ടത്തിന് നടുവിലേക്ക് കാര്‍ ഓടിച്ചുകയറ്റി സാധാരണക്കാരെ കൊല്ലാന്‍ സൈക്യാട്രിസ്റ്റിനെ പ്രേരിപ്പിച്ചത് എന്താകാമെന്ന ചോദ്യത്തിനുള്ള ഉത്തരം തേടുകയാണ് പൊലീസ്.

1974 ല്‍ സൗദി അറേബ്യയിലെ ഹഫൂഫ് നഗരത്തില്‍ ജനിച്ച താലിബ്, 2006-ല്‍ ജര്‍മ്മനിയില്‍ സ്ഥിര താമസ അനുമതി നേടി. പിന്നീട് 2016 ല്‍ അഭയാര്‍ഥിയായി അംഗീകരിക്കപ്പെട്ടു. സൗദി അറേബ്യയില്‍ ഇസ്ലാമിനെ വിമര്‍ശിക്കാനുള്ള ബുദ്ധിമുട്ടുകളാണ് അദ്ദേഹത്തെ രാജ്യം വിടാന്‍ പ്രേരിപ്പിച്ചത് എന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. സൈക്യാട്രിയിലും സൈക്കോ തെറാപ്പിയിലും സ്പെഷലിസ്റ്റാണ് ഇയാള്‍.

ജര്‍മനിയില്‍ എത്തിയ ശേഷം മുസ്ലിംകളെ സൗദിയില്‍ നിന്നും മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുന്നതിനായി 'വീ ആര്‍ സൗദി' എന്ന വെബ്‌സൈറ്റ് താലിബ് സ്ഥാപിച്ചു.

തീവ്രവാദം, മിഡില്‍ ഈസ്റ്റില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സൗദി അറേബ്യ കുറ്റവാളി പട്ടികയില്‍പ്പെടുത്തിയ ആളാണ് താലിബ്. മുമ്പ് സൗദി ആവശ്യപ്പെട്ടിട്ടും ഇയാളെ കൈമാറാന്‍ ജര്‍മ്മനി തയാറായിരുന്നില്ല. ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയ താലിബിന് അഭയം നല്‍കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് സംസാരിച്ച പ്രാദേശിക ഭരണാധികാരി റെയ്‌നര്‍ ഹേസെലോഫ്, താലിബ് ഒറ്റയ്ക്കാണ് ഈ കൃത്യം നടത്തിയതെന്നും അതിനാല്‍ കൂടുതല്‍ ഭീഷണികളില്ലെന്നും അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ ഒരു കറുത്ത ബിഎംഡബ്ല്യു കാര്‍ ക്രിസ്മസ് മാര്‍ക്കറ്റിലൂടെ 400 മീറ്ററിലധികം ദൂരം ആളുകളെ ഇടിച്ചു തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പൊലീസ് തോക്കുകള്‍ ചൂണ്ടി അക്രമിയെ കീഴടങ്ങാന്‍ ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് സംഭവത്തെ അപലപിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അനുശോചനം അറിയിച്ചു. വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ നേതാവ് ആലീസ് വീഡലും ആക്രമണത്തെ അപലപിച്ചു.

സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ജര്‍മ്മന്‍ ജനതയ്ക്കും ഇരകളുടെ കുടുംബാംഗങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ആക്രമണത്തെ തള്ളിക്കളയുന്നതായി പ്രസ്താവന ഇറക്കുകയും ചെയ്തു.

യൂറോപ്പില്‍ അല്‍-ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള നിരവധി പേര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെയുള്ള പരിശോധനയില്‍ അക്രമിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ല.

പിടിയിലായ 50 വയസുകാരനായ താലിബ് അബ്ദുല്‍ മുഹ്സിന്‍ നേരത്തെ മുസ്ലിം ആയിരുന്നെന്നും ഇപ്പോൾ ഇസ്ലാമിന്റെ കടുത്ത വിമര്‍ശകനാണെന്നും ജര്‍മ്മനിയിലെ വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ പിന്തുണക്കാരനാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.