മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രോസസിങ് വേഗത പോരാ; സെക്കന്‍ഡില്‍ 10 ബിറ്റ് മാത്രമെന്ന് പുതിയ പഠനം

മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രോസസിങ് വേഗത പോരാ; സെക്കന്‍ഡില്‍ 10 ബിറ്റ് മാത്രമെന്ന് പുതിയ പഠനം

കാലിഫോര്‍ണിയ: വിവരങ്ങള്‍ പ്രോസസ് ചെയ്യുന്നതില്‍ നേരത്തെ കരുതിയിരുന്നത്ര വേഗത മനുഷ്യ മസ്തിഷ്‌കത്തിന് ഇല്ലെന്ന് ഗവേഷകര്‍. ഒരു സെക്കന്‍ഡില്‍ 10 ബിറ്റ് ഡാറ്റ മാത്രമാണ് തലച്ചോറിന് പ്രോസസ് ചെയ്യാനാകുന്നത്.

കണ്ണ്, ചെവി, ത്വക്ക്, മൂക്ക് തുടങ്ങിയ ഇന്ദ്രിയങ്ങളിലൂടെ സംയുക്തമായി ലഭിക്കുന്ന ഡാറ്റയില്‍ നിന്ന് വെറും 10 ബിറ്റ് മാത്രമാണ് മനുഷ്യന്റെ തലച്ചോറിന് ഒരു സെക്കന്‍ഡില്‍ പ്രോസസ് ചെയ്യാനാകുന്നത്. ഒരു കമ്പ്യൂട്ടറിന് പ്രോസസ് ചെയ്യാനും ശേഖരിച്ചു വെക്കാനും സാധിക്കുന്ന ഡാറ്റയുടെ ഏറ്റവും ചെറിയ യൂണിറ്റാണ് ബിറ്റ്.

വായന, എഴുത്ത്, വീഡിയോ ഗെയിം കളിക്കുക, റൂബിക്സ് ക്യൂബ് ക്രമത്തിലാക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സെക്കന്‍ഡില്‍ 10 ബിറ്റ് വേഗത്തില്‍ മാത്രമാണ് മനുഷ്യര്‍ക്ക് ചിന്തിക്കാന്‍ സാധിക്കുന്നത്.

ഈ അളവാകട്ടെ അങ്ങേയറ്റം സാവധാനത്തിലാണെന്നും ഗവേഷകര്‍ പറയുന്നു. കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഗവേഷണ ഫലം കഴിഞ്ഞയാഴ്ച ന്യൂറോണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

ഈ അളവ് വളരെ കുറവാണ്. നമ്മുടെ ഇന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന കോടാനുകോടി വിവരങ്ങളില്‍ നിന്ന് തീരെ ചെറിയ അംശം മാത്രമാണ് ചുറ്റുമുള്ള ലോകത്തെക്കുറിച്ച് ഗ്രഹിക്കാനും തീരുമാനങ്ങളെടുക്കാനും നാം ഉപയോഗപ്പെടുത്തുന്നത്.

ഈ കോടാനുകോടി വിവരങ്ങളില്‍ നിന്ന് എങ്ങനെയാണ് കുറച്ചംശം മാത്രം മസ്തിഷ്‌കം സ്വാംശീകരിക്കുന്നത് എന്നുള്ളത് ഒരു വിരോധാഭാസമായി നിലനില്‍ക്കുന്നുവെന്ന് ഗവേഷണ സംഘത്തിലെ ന്യൂറോ ബയോളജിസ്റ്റ് മാര്‍ക്കസ് മൈസ്റ്റര്‍ പറഞ്ഞു.

വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും ആവശ്യാനുസരണം മാത്രം ഡാറ്റ സ്വാംശീകരിക്കുകയോ അല്ലെങ്കില്‍ വളരെ സാവധാനത്തില്‍ മാത്രം പ്രോസസ് ചെയ്യുകയോ ആണ് തലച്ചോര്‍ ചെയ്തു വരുന്നത് എന്നാണ് ഗവേഷകരുടെ നിഗമനം.

കടന്നു പോകുന്ന ഓരോ നിമിഷവും ലഭിക്കുന്ന ഒട്ടനവധി ഡാറ്റയില്‍ നിന്ന് ഒരു സമയം ഒരേ തരത്തിലുള്ള ചിന്തയില്‍ മാത്രം കേന്ദ്രീകരിക്കാന്‍ മസ്തിഷ്‌കത്തിന് ഏതു വിധത്തിലാണ് സാധ്യമാകുന്നത് എന്നതുള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

8500 കോടിയിലേറെ നാഡീ കോശങ്ങള്‍ മനുഷ്യ ശരീരത്തിലുള്ളതിനാലും ഇവയില്‍ മൂന്നിലൊന്ന് ഉയര്‍ന്ന തലത്തിലുള്ള ചിന്തകള്‍ക്കായി ഉപയോഗിക്കപ്പെടുന്നതും കോര്‍ട്ടെക്സിനുള്ളില്‍ സ്ഥിതി ചെയ്യുന്നവയുമായതിനാലും കൂടുതല്‍ സൂക്ഷ്മ പരിശോധന ആവശ്യമാണെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.