ന്യൂയോർക്ക്: സമീപ കാലത്ത് വിമാനാപകടങ്ങളിലുണ്ടായ വൻ വർധന വ്യോമയാന മേഖലയെയും യാത്രക്കാരെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിമാന യാത്രയിലെ സുരക്ഷിതത്വത്തിൽ ആശങ്ക ഉയർത്തുന്നതാണ് ഈ അപകട പരമ്പര.
വ്യോമയാന മേഖലയുടെ ചരിത്രത്തിലെ കറുത്ത ഡിസംബറാണ് കടന്നുപോകുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസമുണ്ടായത് ആറ് വിമാനാപകടങ്ങളാണ്. വിവിധ അപകടങ്ങളിലായി മരിച്ചത് 236 പേരും. കഴിഞ്ഞ ദിവസമുണ്ടായ ദക്ഷിണ കൊറിയയിലെ വിമാനാപകടമാണ് ഇതിൽ ഏറ്റവും വലുത്. 179 പേരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
കഴിഞ്ഞ 25ന് അസർബൈജാനിൽനിന്ന് തെക്കൻ റഷ്യയിലേക്കു പുറപ്പെട്ട അസർബൈജാൻ എയർലൈൻസിന്റെ യാത്രാവിമാനം ദുരൂഹ സാഹചര്യത്തിൽ കസാഖിസ്ഥാനിൽ തകർന്ന് 38 പേരാണ് മരിച്ചത്. റഷ്യയുടെ മിസൈലേറ്റാണ് ഈ വിമാനം തകർന്നതെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.
22ന് ബ്രസീലിലെ ഗ്രമാദോ നഗരത്തിനു സമീപം സ്വകാര്യ വിമാനം തകർന്നുവീണ് പത്തു പേർ മരിച്ചു. പ്രമുഖ ബ്രസീലിയൻ വ്യവസായി ലൂയിസ് ഗ്ലൗഡിയോ ഗാലെസിയും ഭാര്യയും മൂന്നു പെൺമക്കളും അഞ്ച് ബന്ധുക്കളുമാണ് മരിച്ചത്. തകർന്ന് കെട്ടിടത്തിനു മുകളിലേക്ക് വിമാനം വീണുണ്ടായ അപകടത്തിൽ കെട്ടിടത്തിലുണ്ടായിരുന്ന 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതേ ദിവസം തന്നെ പാപ്പുവ ന്യൂഗിനിയയിലെ മൊറോബോ പ്രവിശ്യയിൽ ഹെലികോപ്റ്റർ തകർന്നുവീണ് പോലീസ് ഓഫീസർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. രണ്ടു ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാനായത്.
18ന് അർജന്റീനയിലെ സാൻ ഫെർണാണ്ടോയിൽ ചെറു വിമാനത്തിനു തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു. ലാൻഡിംഗിനിടെ മതിലിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. 17ന് ഹാവായ് ദ്വീപിലെ ഹൊണോലുലു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ചെറുവിമാനം തകർന്നുവീണ് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു.
ഇന്നലെ യു.എ.ഇയില്‍ പരിശീലനപ്പറക്കലിനിടെ ചെറു വിമാനം തകര്‍ന്നുവീണ് രണ്ടു പേര് മരിച്ചു. പൈലറ്റും സഹയാത്രികനുമാണ് മരിച്ചത്. അല്‍ ജസീറ എയര്‍ സ്പോര്‍ട്സ് ക്ലബിന്റെ വിമാനമാണ് തകര്‍ന്നു വീണത്.
സാങ്കേതിക തകരാർ, മോശം കാലാവസ്ഥ, പക്ഷികൾ ഇടിക്കുന്നത് തുടങ്ങിയ കാരണങ്ങളാണ് അപകടങ്ങൾക്കു പിന്നിൽ. മോശം കാലാവസ്ഥയിൽ സുരക്ഷിതമായി ലാൻഡിംഗ് നടത്താനും പക്ഷികൾ ഇടിക്കുന്നത് തടയാനും ലാൻഡിംഗ് സമയത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും കൂടുതൽ സാങ്കേതിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതിന്റെ അനിവാര്യതയിലേക്കാണ് ഈ അപകടങ്ങൾ വിരൽ ചൂണ്ടുന്നതെന്ന് വ്യോമയാന രംഗത്തുള്ളവർ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.