ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്കിടെ ഷൂട്ടിങ് താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യന്‍ ഡി. ഗുകേഷിനും പരമോന്നത കായിക ബഹുമതിയായ ഖേല്‍ രത്ന നല്കാന് തീരുമാനം.
ഖേല്‍ രത്നക്ക് അര്‍ഹരായ കായിക താരങ്ങളുടെ പേരുകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതില്‍ മനു ഭാകറിന്റെ പേരില്ലാതിരുന്നത് വലിയ ആക്ഷേപങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇതോടെ ഖേല്‍ രത്ന നല്കുന്ന കായിക താരങ്ങളുടെ പട്ടികയില്‍ മനു ഭാക്കറിന്റെ പേര് കൂടി ചേര്‍ക്കുകയായിരുന്നു കേന്ദ്ര കായിക മന്ത്രാലയം.
ഇവര്‍ക്കൊപ്പം ഹര്മന് പ്രീത് സിങ്, പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കും ഖേല്‍ രത്നയുണ്ട്. മലയാളി നീന്തല്‍ താരം സജന് പ്രകാശ് ഉള്‍പ്പെടെ 32 പേര്‍ക്ക് അര്‍ജുന അവാര്‍ഡും പ്രഖ്യാപിച്ചു. കായിക മന്ത്രാലയമാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്കാരങ്ങള്‍ ജനുവരി 27ന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു വിതരണം ചെയ്യും.
നേരത്തേ 12 അംഗങ്ങളടങ്ങിയ സെലക്ഷന് കമ്മിറ്റി അവാര്‍ഡിനായി ശിപാര്‍ശ ചെയ്ത പട്ടികയില്‍ മനു ഭാക്കര്‍ ഇടം പിടിച്ചിരുന്നില്ല. പാരിസ് ഒളിമ്പിക്സില്‍ ഇരട്ട മെഡല്‍ നേടിയ മനു ഭാക്കര്‍ അവാര്‍ഡിനായി അപേക്ഷിച്ചിട്ടില്ലെന്നാണ് കായിക മന്ത്രാലയം പറയുന്നത്. എന്നാല്‍ അപേക്ഷ അയച്ചിട്ടുണ്ടെന്ന് മനു ഭാക്കറിന്റെ കുടുംബം പറയുന്നു.
പാരിസ് ഒളിമ്പിക്സ് ഷൂട്ടിങില്‍ രണ്ട് വെങ്കല മെഡലുകള്‍ നേടി ചരിത്രം കുറിച്ച താരമാണ് മനു ഭാക്കര്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സ്ഡ് വിഭാഗത്തിലുമാണ് മെഡല്‍ നേട്ടം. മിക്സ്ഡ് വിഭാഗത്തില്‍ സരബ്ജോത് സിങായിരുന്നു കൂട്ടാളി. ഒളിമ്പിക്സ് ഷൂട്ടിങില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ആദ്യത്തെ വനിതയുമാണ് മനു ഭാക്കര്‍.
ഹരിയാനയിലെ ജജ്ജാര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരി മനു ഭാക്കര്‍ 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഷൂട്ടിങ് ലോക കപ്പിലും സ്വര്‍ണ ജേതാവായിരുന്നു. 2018 ല്‍ നടന്ന അന്താരാഷ്ട്ര ഷൂട്ടിങ് സ്പോര്‍ട്ട് ഫെഡറേഷന്റെ ഷൂട്ടിങ് ലോക കപ്പില്‍ സ്വര്‍ണം നേടിയതോടെ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരവുമായി. 2020 ല്‍ അര്‍ജുന അവാര്‍ഡ് നേടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.