അമേരിക്ക അതീവജാഗ്രതയിൽ; ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ

അമേരിക്ക അതീവജാഗ്രതയിൽ; ട്രംപിന്‍റെ സ്ഥാനാരോഹണത്തിന് പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ

വാഷിങ്ടൺ ഡിസി: പുതുവത്സരദിന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രതയിലാണ് അമേരിക്ക. വരും ദിനങ്ങളില്‍ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ സ്ഥാനാരാഹോണ ചടങ്ങ് അടക്കം നിർണായക പൊതുപരിപാടികളാണ് കാപിറ്റോള്‍ നഗരമായ വാഷിങ്ടണില്‍ നടക്കാനിരിക്കുന്നത്.

ലോകനേതാക്കളടക്കം വിഐപികളുടെ നിരയെത്താന്‍ പോകുന്ന ചടങ്ങില്‍ ഒരു വിധത്തിലുമുള്ള സുരക്ഷാ വീഴ്ചകളുമുണ്ടാകാതെ പഴുതടയ്ക്കാനാണ് ഫെഡറൽ, സ്റ്റേറ്റ്, ലോക്കൽ സേനകളുടെ മുന്നൊരുക്കം. ചരിത്രത്തിലാദ്യമായി ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്ഥാനാരോഹണ ചടങ്ങ് നടക്കാൻ പോകുന്നത്.

ഡിസംബർ 29 ന് അന്തരിച്ച മുന്‍ പ്രസിഡന്‍റ് ജിമ്മി കാർട്ടറിന്‍റെ അന്തിമ സംസ്കാര ചടങ്ങുകള്‍ ജനുവരി ഒമ്പതിനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന് മുന്‍പ് ജനുവരി ആറിന് ട്രംപിന്‍റെ പ്രസിഡന്‍റ് പദവി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും. നാല് വർഷം മുന്‍പ് തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ട്രംപ് അനുകൂലികള്‍ നടത്തിയ കുപ്രസിദ്ധ കാപിറ്റോള്‍ ആക്രമണത്തിന്‍റെ വാർഷിക ദിനം കൂടിയാണ് അന്ന്.

ജനുവരി 20ലെ ചടങ്ങിന് മുന്‍പ് 19ന് ക്യാപിറ്റൽ വൺ അരീനയിൽ റിപബ്ലിക്കന്‍സ് പദ്ധതിയിട്ടിരിക്കുന്ന വിക്ടറി റാലിയും കനത്ത സുരക്ഷയിലായിരിക്കും. സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ നഗരത്തിലുടനീളം സുരക്ഷ വർദ്ധിപ്പിച്ചതായി വാഷിങ്ടൺ പൊലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന എന്‍ബിഎ ബാസ്കറ്റ്ബോള്‍ മത്സരങ്ങളില്‍ നഗരത്തിലെ വർധിച്ച പൊലീസ് സാന്നിധ്യം പ്രത്യക്ഷമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.