ബംഗളൂരു: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രാജ്യത്ത് രണ്ടാമത്തെ എച്ച്എംപിവി (ഹ്യൂമന്‍ മെറ്റാന്യുമോവൈറസ്) കേസും കണ്ടെത്തി. ബംഗളൂരുവില്‍ തന്നെയാണ് രണ്ടാമത്തെ കേസും.  കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് മാസം പ്രായമായ കുഞ്ഞിലാണ് രോഗബാധ കണ്ടെത്തിയത്. നേരത്തെ എട്ട് മാസം പ്രായമായ കുഞ്ഞിലും എച്ച്എംപിവി  കണ്ടെത്തിയിരുന്നു. ഈ കുട്ടി  ബംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. 
രണ്ട് കുട്ടികള്‍ക്കും വിദേശ യാത്രാ പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇക്കാര്യത്തിലും കൂടുതല്‍ പരിശോധനകള്‍ തുടരുകയാണ്. 
രാജ്യത്തുടനീളമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ നിരീക്ഷിക്കുന്നതിന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) നടത്തുന്ന ശ്വാസകോശ വൈറല്‍ രോഗികള്‍ക്കായുള്ള പതിവ് നിരീക്ഷണത്തിലൂടെയാണ് രണ്ട് കേസുകളും തിരിച്ചറിഞ്ഞതെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസന പ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
അടുത്തിടെ എച്ച്എംപിവി, കൊവിഡ് 19, ഇന്‍ഫ്‌ളുവന്‍സ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ചൈനയില്‍ അതിവേഗം പടരുന്നെന്നും ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
രോഗ വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ചൈന പറയുന്നത്. എല്ലാ വര്‍ഷവും ശൈത്യ കാലത്തുള്ള സാധാരണ പ്രശ്നം മാത്രമാണിതെന്നും  ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.