ട്രംപ് ആവശ്യപ്പെട്ടു; സ്ഥാനാരോഹണച്ചടങ്ങില്‍ പ്രാരംഭപ്രാര്‍ഥന നയിക്കുന്നത് കര്‍ദിനാള്‍ തിമോത്തി ഡോളന്‍

ട്രംപ് ആവശ്യപ്പെട്ടു; സ്ഥാനാരോഹണച്ചടങ്ങില്‍ പ്രാരംഭപ്രാര്‍ഥന നയിക്കുന്നത് കര്‍ദിനാള്‍ തിമോത്തി ഡോളന്‍

ന്യൂയോര്‍ക്ക്: നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പ്രാരംഭ പ്രാര്‍ഥന നയിക്കുന്നത് ന്യൂയോര്‍ക്ക് ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ തിമോത്തി ഡോളന്‍. ജനുവരി 20ന് നടക്കുന്ന ചടങ്ങില്‍ പ്രാരംഭ പ്രാര്‍ഥന നടത്താമോയെന്ന് ട്രംപ് തന്നോടു ചോദിച്ചെന്നും ആവശ്യം താന്‍ അംഗീകരിച്ചെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

2017ല്‍ ട്രംപ് പ്രസിഡന്റായി ചുമതലയേറ്റപ്പോഴും കര്‍ദിനാള്‍ ഡോളനായിരുന്നു പ്രാരംഭ പ്രാര്‍ഥന നടത്തിയത്.

ട്രംപ് തന്റെ ക്രിസ്ത്യന്‍ വിശ്വാസത്തെ ഗൗരവമായി കാണുന്നതായി കര്‍ദിനാള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വിശ്വാസം അല്‍പ്പംകൂടി ഉണര്‍ന്നിട്ടുണ്ട്. ആഴത്തിലുള്ള വിശ്വാസമില്ലാതെ ഒരാള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ പ്രസിഡന്റാകാന്‍ കഴിയുമോ എന്ന് എനിക്കറിയില്ല. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനു നേരെ നടന്ന രണ്ട് വധശ്രമങ്ങളിലും അദ്ദേഹം രക്ഷപ്പെട്ടതില്‍ നിഗൂഢമായ എന്തോ സംഭവിച്ചതായി ട്രംപിന് അറിയാം. പെന്‍സില്‍വാനിയയില്‍ ജൂലൈ 13 ന് നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ വധശ്രമത്തില്‍ ട്രംപ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അന്നത്തെ സംഭവത്തില്‍ ട്രംപിന്റെ ചെവിക്ക് വെടിയേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

രണ്ട് വധശ്രമങ്ങളും നിയുക്ത യുഎസ് പ്രസിഡന്റിന്റെ വിശ്വാസം വളര്‍ത്തിയെന്നാണ് തന്റെ വിശാസമെന്ന് കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.

2021 ല്‍ ജോ ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ പ്രാരംഭ പ്രാര്‍ഥന നടത്തിയത് ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി മുന്‍ പ്രസിഡന്റും ഈശോസഭാ വൈദികനുമായ ഫാ. ലിയോ ജെ. ഒഡോനോവനായിരുന്നു. സ്ഥാനാരോഹണത്തിന്റെ തലേന്ന് സര്‍വമത പ്രാര്‍ഥനയും ട്രംപ് സംഘടിപ്പിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.