റായ്പൂര്‍: യേശു ക്രിസ്തുവിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി എംഎല്‍എക്കെതിരെ കേസ്.
ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അനില്‍കുമാര്‍ ചൗഹാനാണ് ബിജെപി എംഎല്‍എ രായമുനി ഭഗത്തിനെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ച നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എക്ക് കോടതി സമന്‍സും അയച്ചു.
2024 സെപ്റ്റംബര്‍ ഒന്നിന് ദേഖ്നി ഗ്രാമത്തില്‍ പ്രാദേശിക ഗോണ്ടി ഭാഷയില്‍ നടത്തിയ പ്രസംഗത്തിലാണ് രായമുനി ഭഗത്ത് യേശു ക്രിസ്തുവിനെതിരെ മോശം പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
കേസെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് എസ്.പിക്ക് പരാതി നല്‍കി. എന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് മനുഷ്യച്ചങ്ങല അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്തിയെങ്കിലും പൊലീസ് അനങ്ങിയില്ല. തുടര്‍ന്നാണ് അഭിഭാഷകനായ വിഷ്ണു കുല്‍ദീപ് മുഖേന ഹെര്‍മന്‍ കുജൂര്‍ എന്ന വ്യക്തി കോടതിയെ സമീപിച്ചത്.
എംഎല്‍എയുടെ പ്രസംഗം വര്‍ഗീയ സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ പ്രസംഗിച്ചതെന്ന് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.