ബെയ്‌റൂട്ട്: ലെബനനിലെ പുതിയ പ്രസിഡന്റായി സായുധേസനാ മേധാവി ജോസഫ് ഔണ്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് വര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന പ്രസിഡന്റ് കസേരയിലേക്കാണ് ജോസഫ് എത്തുന്നത്. ഹിസ്ബുള്ള-ഇസ്രയേല്‍ വെടിനിര്‍ത്തലുണ്ടായി ആഴ്കള്‍ക്കകമാണ് പുതിയ പ്രസിഡന്റിനെ പാര്‍ലമെന്റ് തെരഞ്ഞെടുത്തത്. മാരോണൈറ്റ് ക്രിസ്ത്യാനിക്കായി സംവരണം ചെയ്തതാണ് ഈ പദവി. ലെബനന്‍ റിപ്പബ്ലിക്കിന്റെ 14-ാമത്തെ പ്രസിഡന്റായ ജോസഫ് ഇതേ വിഭാഗക്കാരനാണ്.
മുന്‍ പ്രസിഡന്റ് മൈക്കിള്‍ ഔണിന്റെ കാലാവധി 2022 ഒക്ടോബറില്‍ അവസാനിച്ചതാണ്. ഇദ്ദേഹവുമായി പുതിയ പ്രസിഡന്റിന് ബന്ധമില്ല. ലെബനീസ് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന ഹിസ്ബുള്ളയുടെ നിലപാടുകള്‍ മൂലമാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ വൈകിയത്. സിറിയയിലെ പുറത്താക്കപ്പെട്ട പ്രസിഡന്റ് അസാദുമായി ബന്ധമുള്ള ചെറു ക്രിസ്ത്യന്‍ പാര്‍ട്ടിയുടെ നേതാവ് സുലൈമാന്‍ ഫ്രാഗിയേയാണ് പ്രസിഡന്റ് പദവിയിലേക്കു ഹിസ്ബുള്ള പിന്തുണച്ചിരുന്നത്. ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹിസ്ബുള്ള ദുര്‍ബലമായ പശ്ചാത്തലത്തില്‍ ഫ്രാഗിയേ കഴിഞ്ഞ ദിവസം മത്സരത്തില്‍നിന്നു പിന്മാറി.
പാര്‍ലമെന്റില്‍ രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് ജോസഫ് ഔണിന് ജയിക്കാന്‍ വേണ്ട മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിച്ചത്. ലെബനനിലെ രാഷ്ട്രീയ ധാരണ അനുസരിച്ച് പ്രസിഡന്റ് പദവി മാരോണൈറ്റ് ക്രൈസ്തവ സമുദായത്തിനും പ്രധാനമന്ത്രി പദവി സുന്നി മുസ്ലിംകള്‍ക്കും സ്പീക്കര്‍ സ്ഥാനം ഷിയാകള്‍ക്കുമായി വീതംവച്ചിരിക്കുകയാണ്.
60 വയസുള്ള ജോസഫിനെ അമേരിക്ക, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലെബനനെ സുസ്ഥിരമാക്കാന്‍ ജോസഫിന് കഴിയുമെന്നാണ് ഈ രാജ്യങ്ങള്‍ പ്രതീക്ഷിക്കുന്നത്.
'യുഗങ്ങളുടെ പഴക്കമുള്ള രാഷ്ട്രമായ ലെബനന്‍ യുദ്ധങ്ങള്‍, ബോംബാക്രമണങ്ങള്‍, ദുര്‍ഭരണം എന്നിവ മൂലം ഏറെ കഷ്ടത അനുവഭിക്കുന്നതായി തന്റെ ആദ്യ പ്രസംഗത്തില്‍ ജോസഫ് ഔണ്‍ പറഞ്ഞു. ലെബനന്റെ രാഷ്ട്രീയ സാഹചര്യം പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലെബനന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കുക എന്നതാണ് ലെബനന്‍ ജനതയോടുള്ള എന്റെ പ്രതിജ്ഞയെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.