പരാതികള്‍ നിരവധി; വനം ഭേദഗതി ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല: തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം

പരാതികള്‍ നിരവധി;  വനം ഭേദഗതി ബില്‍  വരുന്ന നിയമസഭാ സമ്മേളനത്തില്‍  അവതരിപ്പിക്കില്ല: തീരുമാനം കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം

തിരുവനന്തപുരം: നിരവധി പരാതികളുയര്‍ന്ന സാഹചര്യത്തില്‍ വനം ഭേദഗതി ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. വന നിയമ ഭേദഗതികള്‍ സംബന്ധിച്ച് നിലവില്‍ നൂറ്റമ്പതോളം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവയില്‍ ഭൂരിഭാഗവും വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടവയാണ്.

ലഭിച്ച പരാതികളില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി തുടര്‍ നടപടികള്‍ സ്വീകരിക്കും. തുടര്‍ന്ന് സബ്ജക്ട് കമ്മിറ്റിയില്‍ ഭേദഗതികള്‍ വരുത്തി സഭയ്ക്ക് മുന്നില്‍ വെയ്ക്കാനാണ് ആലോചന.

ഭേദഗതികള്‍ സംബന്ധിച്ചു നിയമോപദേശം തേടാനും ആലോചനയുണ്ട്. ക്രൈസ്തവ സഭകളും കേരള കോണ്‍ഗ്രസ് എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആവശ്യമെങ്കില്‍ പ്രതിഷേധമുയര്‍ത്തുന്ന സംഘടനകളുമായും രാഷ്ട്രീയ കക്ഷികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

ജനവികാരം കണക്കിലെടുത്താണ് സര്‍ക്കാര്‍ താല്‍ക്കാലികമായി ബില്ലില്‍ നിന്ന് പിന്‍മാറുന്നത്. കേരള വനം നിയമ ഭേദഗതി വ്യവസ്ഥകളില്‍ പലതും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്നതാണന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 1961 ലെ വനം നിയമമാണ് ഭേദഗതി ചെയ്യുന്നത്. 2019 ല്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചെങ്കിലും സഭ പരിഗണിച്ചിരുന്നില്ല.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.