കൊച്ചി: വീണ് പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഉമ തോമസ് എം.എല്‍.എയെ ആശുപത്രിയിലെത്തി കണ്ട് മന്ത്രി ആര്. ബിന്ദു. ആശ്വാസ വാക്കുകളുമായി ആശുപത്രിയില്‍ എത്തിയ ആര്. ബിന്ദുവിനോട് ഫോണില്‍ വീഡിയോ കോളില്‍ സംസാരിക്കവെ എം.എല്‍.എ അതീവ സന്തോഷവതിയായാണ് കാണപ്പെട്ടത്.
ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് മന്ത്രി ബിന്ദു ഉമ തോമസ് ചികിത്സയില്‍ തുടരുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഇരുവരും നിറഞ്ഞ ചിരിയോടെയാണ് പരസ്പരം കുശലാന്വേഷണത്തില്‍ ഏര്‍പ്പെട്ടത്. ഡിസംബര്‍ 29-ാം തിയതി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ സ്റ്റേജില്‍ നിന്ന് വീണാണ് ഉമ തോമസിന് ഗുരുതരമായി പരിക്കേറ്റത്.
അണുബാധ ഉണ്ടാകും എന്നതിനാല്‍ ഉമ തോമസിന്റെ മുറിയിലേക്ക് ആരെയും കടത്തിവിടാത്ത സാഹചര്യത്തിലാണ് മന്ത്രി വീഡിയോ കോളിലൂടെ സംസാരിച്ചത്. 'സുഖമായിരിക്കുന്നോ' എന്ന മന്ത്രിയുടെ ചോദ്യത്തിന് 'ആശ്വാസമുണ്ട്' എന്നായിരുന്നു എം.എല്‍.എയുടെ മറുപടി. 'ശ്രദ്ധിച്ചോളൂ, വേഗം സുഖമാവട്ടെ', എന്ന ആശംസയ്ക്ക് നിറഞ്ഞ ചിരിയോടെ 'ശ്രദ്ധിച്ചോളാം' എന്നും മറുപടി നല്കി. നിലവില്‍ നല്ല ആശ്വാസമുണ്ട്. വരുന്ന അസംബ്ലി സമ്മേളനത്തില്‍ തനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞേക്കില്ല. മന്ത്രി കാണാന്‍ വന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ഉമ തോമസ് പറഞ്ഞു.
ശേഷം ആശുപത്രിയില്‍ തന്നെ കാണാനെത്തിയ പരിചയക്കാരോടും ബന്ധുക്കളോടുമെല്ലാം ഉമ തോമസ് വീഡിയോ കോളിലൂടെ തന്നെ സംസാരിച്ചു. അപകടത്തിന് മുമ്പ് എങ്ങനെയായിരുന്നുവോ അതേ ഊര്‍ജസ്വലതയിലേക്ക് എം.എല്‍.എ തിരിച്ചെത്തുന്ന കാഴ്ചയ്ക്കാണ് പ്രിയപ്പെട്ടവര്‍ വീഡിയോകോളിലൂടെ സാക്ഷ്യം വഹിച്ചത്. ഇതിനിടെ പേഴ്സണല്‍ സ്റ്റാഫിനോട് മണ്ഡലത്തില്‍ നടന്നുകൊണ്ടിരുന്ന വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയെക്കുറിച്ച് ചോദിക്കാനും എം.എല്‍.എ മറന്നില്ല. കഴിഞ്ഞ ദിവസം മുതല്‍ കാര്യങ്ങള്‍ സ്വയം ചെയ്യാനാവുന്ന സ്ഥിതിയിലേക്ക് ഉമ തോമസ് എത്തിയിട്ടുണ്ട് എന്ന വിവരം പുറത്തുവന്നിരുന്നു.
സ്വയം ഭക്ഷണം കഴിക്കാവുന്ന സ്ഥിതിയിലേക്ക് എത്തിയിട്ടുണ്ട്. ശ്വാസകോശത്തിനേറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദപ്പെട്ടിട്ടുണ്ട്. വാരിയെല്ലിനും മറ്റുമേറ്റ ചതവുകള്‍ സുഖപ്പെടാന്‍ ഏറെ സമയമെടുക്കും എന്ന വിവരങ്ങളാണ് ആശുപത്രി അധികൃതര്‍ പങ്കുവെച്ചിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ എം.എല്‍.എയ്ക്ക് ആശുപത്രി വിടാന്‍ കഴിഞ്ഞേക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.