കൊൽക്കത്ത : രാജ്യത്തെ നടുക്കിയ ആർജി കർ മെഡിക്കൽ കോളജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് കോടതി. പ്രതി യുവ ഡോക്ടറെ ആക്രമിച്ചതും ലൈംഗികമായി പീഡിപ്പിച്ചതും തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി.
25 വർഷത്തിൽ കൂടുതൽ തടവോ വധശിക്ഷയോ ലഭിക്കാനുള്ള കുറ്റങ്ങളാണ് പ്രതി ചെയ്തതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. താൻ പൂർണ്ണമായും നിരപരാധിയാണെന്നും യഥാർത്ഥ കുറ്റവാളികൾ സ്വതന്ത്രരായി വിഹരിക്കുകയാണെന്നും സഞ്ജയ് റോയ് കോടതിയിൽ പറഞ്ഞു. സിബിഐയാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്ന് സിബിഐ അഭിഭാഷകൻ കോടതിൽ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിനാണ് ആർജി കാർ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയർ ഡോക്‌ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പുലർച്ചെയായിരുന്നു സംഭവം. റെസ്പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി വിദ്യാർഥിയായ 31കാരിയാണ് കൊല്ലപ്പെട്ടത്.
രാത്രി ഡ്യൂട്ടിയിലായിരുന്ന ഡോക്ടർ രണ്ട് മണിക്ക് തന്റെ ജൂനിയേഴ്സിന്റെ കൂടെ ഭക്ഷണം കഴിച്ച ശേഷം സെമിനാർ ഹാളിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് പ്രതി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ടായിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു.
എന്നാൽ കേസിന് പിന്നിൽ ആശുപത്രിയുമായി ചേർന്ന് പ്രവർത്തിക്കുന്ന സെക്സ് റാക്കറ്റാണെന്നും പൊലീസും സർക്കാരും അന്വേഷണം അട്ടിമറിക്കുന്നുവെന്നും കാട്ടി ജൂനിയർ ഡോക്ടർമാർ പ്രതിഷേധം ആരംഭിച്ചു. കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കളും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് കൊൽക്കത്ത ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. സുപ്രീം കോടതിയും സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.